കൊല്ലം: നിറച്ചാർത്തുകളിലൂടെ കഴിഞ്ഞുപോയ കാലത്തിന് സാക്ഷ്യമൊരുക്കുകയാണ് ‘ടെസ്റ്റിമോണി’. ചിത്രപ്രദർശനത്തിനപ്പുറം പുതുതലമുറക്ക് അന്യമായ ഗൃഹാതുരനിമിഷങ്ങൾക്ക് സാക്ഷ്യംപറയുന്ന കാഴ്ചാനുഭവം സമ്മാനിക്കുകയാണ് ആശ്രാമം എയ്റ്റ് പോയന്‍റ് ആർട് കഫെയിൽ ചിത്രകാരൻ ശ്രീകുമാർ വെൺപാലക്കര. പഴയ നാട്ടിൻപുറ കാഴ്ചകളും മലയാള സാഹിത്യ കൃതികളുടെ ദൃശ്യഭാഷ്യവും പ്രകൃതിയോടുള്ള സ്നേഹവും കാലഘട്ടത്തിനോടുള്ള കലഹവും അങ്ങനെ പലവിധമാണ് അക്രിലിക് ചിത്രസൗന്ദര്യം. ‘ടെസ്റ്റിമോണി’ എന്ന പേരിൽ കഴിഞ്ഞ കാലത്തിന്‍റെ ദൃശ്യവിസ്മയം അവതരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളാണുള്ളത്. ഒന്നിൽ കലപ്പയും നത്തക്കയും പാടവും നിറയുമ്പോൾ രണ്ടാമത്തേതിൽ പെട്രോമാക്സിന്‍റെ കുഞ്ഞുവെളിച്ചത്തിൽ തവളകളും കൂണുകളും വിരുന്നെത്തുന്നു. ഈ കൂട്ടത്തിലെ മൂന്നാം ചിത്രത്തിൽ തകർന്നുതരിപ്പണമായ നെയ്ത്തുമേഖലയുടെ നേർചിത്രമാണ്. വേരുകൾ ദൃഢമെങ്കിലും ക്ഷയിക്കുന്ന ജനാധിപത്യത്തിൽ തളിരിലകളിലൂടെ പ്രതീക്ഷ ബാക്കിവെക്കുന്നുണ്ട്.
മാതൃത്വവും കുട്ടികൾ നേരിടുന്ന ദുരന്തങ്ങളും പ്രകൃതിയും ഒ.എൻ.വി, കുമാരനാശാൻ കൃതികളും മുതൽ ജീവിതപങ്കാളി ശോഭയെ വരെയായി വർണകാഴ്ചയാകുന്ന 22 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചെറുപ്പകാലം മുതൽ ചിത്രകലയെ സ്നേഹിച്ചിരുന്ന ശ്രീകുമാർ വെൺപാലക്കല 2003 മുതൽ കെ.എസ്.ആർ.ടി.സിയിൽ പെയിന്‍റർ ആണ്. ഈ വർഷം കൊല്ലം ഡിപ്പോയിൽ ചാർജ്മാനായി വിരമിക്കുമ്പോൾ വിശ്രമജീവിതത്തിൽ പൂർണമായും വരയെ ചേർത്തുപിടിക്കാനാണ് തീരുമാനം. അതിന്‍റെ ഭാഗമായാണ് ആദ്യ ഏകാംഗ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ജോലിത്തിരക്കിനിടയിൽ വരയിൽ നിന്ന് വിട്ടുനിന്ന ശ്രീകുമാറിനെ മക്കളായ അമ്പുവിന്‍റെയും ആർച്ചയുടെയും ചിത്രരചനപ്രിയമാണ് 2013മുതൽ തിരികെയെത്തിച്ചത്. 2021 മുതലാണ് ക്രിയേറ്റീവ് ചിത്രരചനയിലേക്ക് കടന്നത്. 12ഓളം ഗ്രൂപ്പ് പ്രദർശനങ്ങളുടെ ഭാഗമായിട്ടുണ്ട്. തന്‍റെ ചിത്രങ്ങൾക്കിടയിൽ മകൾ ആർച്ചയുടെ ചാർക്കോൾ വരകൾക്കും ശ്രീകുമാർ ഇടം നൽകിയിട്ടുണ്ട്. 19 വരെ ചിത്രപ്രദർശനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.