കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി.സി.സി സംഘടിപ്പിച്ച യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത അഴിമതികളുടെ പരമ്പരയാണ് നടക്കുന്നത്. ടെൻഡർ പോലുമില്ലാതെയാണ് കരാറുകൾ നൽകുന്നത്. കമീഷൻ സാധ്യതകളെ ആദ്യം മുന്നിൽ കണ്ടാണ് സർക്കാർ പദ്ധതികളെ സമീപിക്കുന്നത്. ഈ സർക്കാറിന്റെ യഥാർഥ മുഖം വലിച്ചുകീറുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ആട്ടിൻതോലിട്ട ചെന്നായയെ പോലെ കേരളത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവ സഭകളിലും ദേവാലയങ്ങളിലും സന്ദർശനം നടത്തുമ്പോൾ രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവ ദേവാലയങ്ങളും വിശ്വാസികളും അക്രമത്തിന് ഇരയാവുകയാണ്.
കോൺഗ്രസ് മുക്ത ഭാരതത്തിനും കോൺഗ്രസ് വിരുദ്ധ കേരളത്തിനും വേണ്ടി ബി.ജെ.പിയും സി.പി.എമ്മും ഒന്നിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 20ന് നടക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, നേതാക്കളായ പഴംകുളം മധു, എം.എം. നസീർ, ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, എ . ഷാനവാസ്ഖാൻ, വാക്കനാട് രാധാകൃഷ്ണൻ, ജി. രാജേന്ദ്രപ്രസാദ്, കുളക്കട രാജു, നൗഷാദ് യൂനുസ്, സി. മോഹനൻപിള്ള, സുൽഫിക്കർ, മയൂരി, പ്രകാശ് മൈനാഗപ്പള്ളി, പള്ളത്ത് സുധാകരൻ, എ.കെ. ഹഫീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.