കൊല്ലം: ജൂൺ 10 മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിനുള്ള ഒരുക്കങ്ങൾ തീരദേശ മേഖലയിൽ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ച മുതൽ ജൂലൈ 31 വരെ 51 ദിവസമാണ് ആഴക്കടൽ മീൻപിടിത്തം നിരോധിക്കുന്നത്. ആഴക്കടൽ മീൻപിടിത്തം നടത്തുന്ന ബോട്ടുകൾ ഞായറാഴ്ച നീണ്ടകരപാലത്തിന് കിഴക്ക് ഭാഗത്തായി നിർത്തിയിട്ടശേഷം അർധരാത്രി 12ന് പാലത്തിന്റെ സ്പാനുകൾ ചങ്ങലയിട്ട് പൂട്ടുന്നതോടെ ട്രോളിങ് നിരോധനത്തിന് തുടക്കമാകും.
തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ കൺട്രോൾ റൂം തുറന്ന് ജില്ലയിലെ തീരമേഖലയിലെ ട്രോളിങ് നിരോധനം നിരീക്ഷിക്കും. ഈ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പട്രോളിങ് ബോട്ടുകൾ നിരീക്ഷണത്തിനുണ്ടാവും. രക്ഷാപ്രവർത്തനത്തിനായി 22 സീ െറസ്ക്യൂ ഗാർഡുകളുടെ സേവനവുമുണ്ടാവും.
ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസും ഉറപ്പാക്കും. ഫിഷറീസ് വകുപ്പിനുപുറമെ കോസ്റ്റൽ പൊലീസും എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസും തീരദേശമേഖലയിൽ നിരീക്ഷണത്തിനുണ്ടാവും. ബോട്ടുകൾക്ക് ഇന്ധനംനിറക്കാനുള്ള പമ്പുകൾക്കും പൂട്ടുവീഴും.
മീൻപിടിത്തത്തിന് ആഴക്കടലിൽ പോയിട്ടുള്ള ബോട്ടുകളിൽ ഞായറാഴ്ച രാത്രി തിരിച്ചെത്താത്തവക്ക് തിരികെ വരാനും മീൻ വിൽക്കാനും 24 മണിക്കൂർ കൂടി അനുവദിക്കും. അതിനായി ഹാർബർ തുറന്നുനൽകും. പരമ്പരാഗത വള്ളങ്ങൾക്ക് മീൻ പിടിക്കാൻ അനുമതിയുണ്ട്. അവക്ക് ഡീസൽ നിറക്കാനുള്ള മത്സ്യഫെഡിന്റെ പമ്പുകൾ പ്രവർത്തിക്കും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ വിൽക്കാൻ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ തുറന്നിടും. കരയിലും കടലിലും ബോധവത്കരണത്തിനുള്ള മൈക്ക് പ്രചാരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.