കൊല്ലം: മോഷ്ടാക്കൾ റെയിൽവേ സിഗ്നൽ റൂമിലെ കേബിളുകൾ മുറിച്ച് കടത്താൻ ശ്രമിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി കൊല്ലം സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സിഗ്നൽ മാനുവലായി ക്രമീകരിച്ച് ഗതാഗതം പുനരാരംഭിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള നിലമ്പൂർ എക്സ്പ്രസ് സ്റ്റേഷനിലെത്തിയ ശേഷം വന്ന വഴിയിലെ ചുവന്ന സിഗ്നൽ മാറ്റി പച്ചയാക്കാൻ ശ്രമിച്ചപ്പോഴാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിന്നക്കട മേലപാലത്തിന് സമീപമുള്ള സിഗ്നൽ റൂമിലെ കേബിളുകൾ അറുത്ത നിലയിൽ കണ്ടെത്തിയത്. ഇതുകാരണം മംഗലാപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്താൻ ഒരു മണിക്കൂറോളം വൈകി. കപ്പലണ്ടിമുക്ക്, എസ്.എൻ കോളജ് ജങ്ഷൻ, ചിന്നക്കട എന്നിവിടങ്ങളിലെ റെയിൽവേ ഗേറ്റും സിഗ്നൽ കിട്ടാതെ ഒരു മണിക്കൂറോളം അടഞ്ഞുകിടന്നു.
കേബിളുകൾ മുറിച്ച് ചെമ്പെടുക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. സിഗ്നൽ താറുമാറാക്കി ട്രെയിൻ ഗതാഗതം താറുമാറാക്കാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നു. സിഗ്നൽ റൂം പ്രവർത്തിക്കുന്ന പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാണ്. ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.