കൊല്ലം: തകർന്ന ഓട ഒളിപ്പിച്ചിരിക്കുന്ന അപകടം കണ്ടിട്ടും കാണാത്ത മട്ടിൽ കോർപറേഷൻ. കൊല്ലം മെയിൻ റോഡിൽ ഉമാ മഹേശ്വരി ക്ഷേത്രത്തിന് നേരെ എതിർവശത്ത് വിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് മുന്നിലെ ഓടയുടെ സ്ലാബ് ആണ് തകർന്ന് അപകടസ്ഥിതിയുള്ളത്. കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞ് ഓടയിൽ താഴ്ന്ന് കിടന്ന സ്ലാബുകളുടെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കോർപറേഷൻ ജീവനക്കാരുടെ ‘ഇടപെടൽ’ ആണ് വലിയ അപകടം ബാക്കിയാക്കിയിരിക്കുന്നതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
സ്ലാബുകൾ ഇളക്കിയെടുത്തതോടെ രണ്ടായി തകർന്നു. ഇതോടെ ആ സ്ലാബുകൾ അവിടത്തന്നെ ഉപേക്ഷിച്ച് ജീവനക്കാർ പോയി. പകരം ഇടാൻ സ്ലാബുകൾ ഇല്ല എന്ന കാരണം പറഞ്ഞാണ് പൊട്ടിയ സ്ലാബുകൾ അപകടനിലയിൽ ഓടക്ക് മുകളിൽ ഇട്ട് ജീവനക്കാർ പോയത്.
മൂന്ന് മാസത്തോളമായി ഇതേ കിടപ്പിലാണ് ആ സ്ലാബും ഓടയും. നഗരത്തിലെ കടകളുടെ മലിനജലവുമായി ഒഴുകുന്ന ഓട സദാസമയം നിറഞ്ഞുകിടക്കുകയാണ്. ഇവിടെ ഇടുങ്ങിയ വഴിയിലെ നടപ്പാത കൂടിയായ ഈ ഓടക്ക് മുകളിലൂടെ നടന്നുവരുന്നവർ നേരെ ചെന്ന് കുഴിയിൽ വീഴുന്ന സ്ഥിതിയാണ്.
ഉമാ മഹേശ്വരക്ഷേത്രത്തിൽ വന്ന രണ്ട് പേരുടെ ഇരുചക്രവാഹനങ്ങൾ സ്ലാബ് നീങ്ങികിടന്ന കുഴിയിൽ വീഴുകയും ചെയ്തു. മഴ പെയ്യുന്നതോടെ വ്യാപാരികളുടെയും കാൽനടക്കാരുടെയും ദുരിതം ഇരട്ടിയാകും. ഓടയിൽ നിന്ന് വെള്ളം ഒഴുകി നിറഞ്ഞ് ദുർഗന്ധം രൂക്ഷമാകും. ഇതുകൂടാതെയാണ് ചിലർ മാലിന്യം ചാക്കിലും മറ്റും കെട്ടി ഈ ഓട തുറന്നുകിടക്കുന്ന ഭാഗത്ത് കൊണ്ടുതള്ളുന്നതും പതിവായത്.
ഓടക്ക് അടുത്ത കച്ചവടക്കാർക്ക് ദിവസവും രാവിലെ ഈ മാലിന്യം നീക്കേണ്ട ഗതികേടാണുള്ളത്. കോർപറേഷൻ മേയറുടെ സ്വന്തം ഡിവിഷനിലാണ് ഈ ദുസ്ഥിതി. ക്വയിലോൺ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പരാതി മേയർ പ്രസന്ന ഏണസ്റ്റിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. സെന്റ് ജോസഫ് കോൺവെന്റ്, സെന്റ് അലോഷ്യസ് സ്കൂളുകളിലേക്ക് നൂറുകണക്കിന് കുട്ടികൾ ദിനവും നടന്നുപോകുന്ന വഴിയിലെ ഈ അപകടം ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന അഭ്യർഥനയാണ് വ്യാപാരികൾക്ക് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.