പത്തനാപുരം: വനാതിർത്തിയിലെ കശുവണ്ടി എസ്റ്റേറ്റിനുള്ളില്‍ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം, വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം വൈകീട്ടാണ് സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം മേഖലയില്‍ പുലിക്കൂട്ടത്തെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശവാസികൾ പറയുന്നു. വിദൂര ദൃശ്യമായി ലഭിച്ച ചിത്രങ്ങളിൽ ഒന്നിലധികം പുലികളെ കാണാം. സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ കശുമാവിൻ എസ്റ്റേറ്റാണ് മേഖലയിലുള്ളത്.
ഇവിടെ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് വനമേഖല. ഒരു കിലോമീറ്റർ അകലെയാണ് ജനവാസ മേഖല. കഴിഞ്ഞദിവസം കശുമാവിൻ തോട്ടത്തിലെത്തിയ ആളുകളാണ് കുറച്ച് അകലെയായുള്ള പാറക്കെട്ടുകൾക്ക് സമീപത്ത് പുലികളെ കണ്ടത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. വലിയ പുലി പാറക്കെട്ടുകൾക്ക് മുകളിലൂടെ നടക്കുന്നതും സമീപത്തായി മറ്റൊരു പുലി കിടക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
രണ്ടു പുലികൾ മാത്രമാണുള്ളതെന്നും വിദൂരതയിൽ നിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഫാമിങ് കോര്പറേഷന് എസ്റ്റേറ്റുകള്‍ക്കുള്ളിലെ അടിക്കാടുകള്‍ നീക്കം ചെയ്യാത്തതിനാല്‍ തുടര്‍ച്ചയായി മേഖലയില്‍ വന്യമൃഗങ്ങള്‍ എത്തുന്നുണ്ട്. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് ആരംഭിച്ചു. അഞ്ചലിനുള്ള ആർ.ആർ.ടി സംഘവും മേഖലയിൽ എത്തിയിട്ടുണ്ട്. മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലികളെ പിടികൂടി പ്രദേശത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.