കൊല്ലം: പേരൂർ സർവിസ് സഹകരണ ബാങ്കിലെ പണം തിരിമറിയുമായി ബന്ധപ്പെട്ട് മൂന്നുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ അറ്റൻഡറായിരുന്ന തട്ടാർകോണം തുണ്ടുവിള തെക്കേതിൽ വീട്ടിൽ സജീവ് (43), സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന പേരൂർ തോട്ടുംകരവീട്ടിൽ എം. സുരലാൽ (66), ഇന്റേണൽ ഓഡിറ്റർ തട്ടാമല ഗീതാഞ്ജലിയിൽ ആർ. കിരൺ (46) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിലെ തിരിമറിക്കെതിരെ സഹകരണ ഓഡിറ്റ് ജോയന്റ് ഡയറക്ടർ, ജില്ല പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് 16 നാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്. അറസ്റ്റിലായവർക്കുപുറമേ സംഘത്തിന്റെ സെക്രട്ടറി, പ്രസിഡന്റ്, എട്ട് ഭരണസമിതി അംഗങ്ങൾ എന്നിവരും പ്രതികളായിരുന്നു. ഇവർക്ക് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2020-2021 കാലത്ത് അറ്റൻഡർ തസ്തികയിൽ ജോലിനോക്കിവന്നിരുന്ന ഒന്നാം പ്രതിയെ ചട്ടവിരുദ്ധമായി 2015 ജനുവരി 17 മുതൽ അംഗമാക്കി നിയമവിരുദ്ധമായി ഡെപ്പോസിറ്റ് സ്കീമിൽ ചേർത്തു, ഒരംഗത്തിന് കടം എടുക്കാവുന്ന പരമാവധി തുകക്ക് മുകളിൽ ലേലത്തുക രണ്ടാം പ്രതി സ്വന്തം നിലയിൽ അനുവദിച്ചു, ബാങ്കിൽ കുടിശ്ശികയുള്ള നിരവധിപേർക്ക് ലോണുകൾ നൽകി, കുടിശ്ശികയുള്ള അംഗങ്ങൾക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകി വീണ്ടും ലോണെടുത്തു എന്നിങ്ങനെയാണ് പ്രതികൾക്കെതിരായ ആരോപണങ്ങൾ. സ്വർണജാമ്യത്തിൽ ഒരാൾക്ക് കടം നൽകാവുന്ന പരമാവധി തുകയായ അഞ്ചുലക്ഷം രൂപക്ക് മുകളിൽ വായ്പ നൽകിയും ഭരണവിഭാഗത്തിന്റെ അനുമതി ലഭിക്കാതെ സേവിങ്സ് സ്കീമുകൾ നടത്തിയും മറ്റും വഴി ബാങ്കിന് 24,79,475 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
പണം നഷ്ടമായത് 2020-2021 കാലയളവിൽ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് ഓഫിസിലെ ജൂനിയർ ഓഡിറ്ററായ വി.ആർ. ബീന നടത്തിയ ഓഡിറ്റ് സ്പെഷൽ റിപ്പോർട്ടിലാണ് തിരിമറിയുടെ വ്യക്തമായ ചിത്രം ലഭിച്ചത്. ഈ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ ആദ്യം ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും നിരസിച്ചു. തുടർന്ന് രണ്ട്, മൂന്ന് പ്രതികൾ അപ്പീൽ പോയെങ്കിലും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു.
ഇതിനെത്തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്. കിളികൊല്ലൂർ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ സന്തോഷ്, സി.പി.ഒ ശ്യാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊല്ലം എ.സി.പി എസ്. ഷെരീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.