കൊല്ലം: വൈദ്യുതി മേഖലയില്‍ പ്രസരണ വിതരണ ശൃംഖലയുടെ സമഗ്ര പുനരുദ്ധാരണത്തിനായി കൊല്ലത്ത് 254.02 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ആർ.ഡി.എസ്.എസ് പദ്ധതിയുടെ ജില്ലതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസരണ വിതരണ ശൃംഖലയുടെ സമഗ്ര പുനരുദ്ധാരണത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നൂറുശതമാനവും കേന്ദ്രവിഹിതമായി നടപ്പാക്കുന്ന പദ്ധതിക്ക് അനുമതി ലഭിച്ചത്. വിതരണ നഷ്ടം കുറക്കുന്നതിനും നവീകരണത്തിനുമുള്ള പദ്ധതികള്‍ക്കായി കൊല്ലം സര്‍ക്കിളിന് 68.7 കോടി, കൊട്ടാരക്കര സര്‍ക്കിളിന് 75.81 കോടി രൂപയും ലഭിച്ചു. 109.51 കോടി രൂപയുടെ പ്രസരണനഷ്ടം കുറക്കുന്നതിനുള്ള പദ്ധതികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പേരൂര്‍, വാളകം, ഈസ്റ്റ് കല്ലട എന്നീ മൂന്ന് 33 കെ.വി. സബ് സ്റ്റേഷനുകള്‍ പുതിയതായി ആരംഭിക്കും. മറ്റ് സബ് സ്റ്റേഷനുകള്‍ ശേഷിവികസന പ്രവൃത്തികള്‍ നടപ്പാക്കും. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൊല്ലം കോര്‍പറേഷനിലെ മുഴുവന്‍ 11 കെ.വി ഇലക്ട്രിക് വൈദ്യുതി ലൈനുകളും കണ്ട്രോള് റൂമില്‍ നിന്നും നേരിട്ട് നിയന്ത്രണിക്കുന്നവിധം ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചിട്ടുള്ള ആര്.എം.യു (റിങ് മെയിന്‍ യൂനിറ്റ്) സംവിധാനം സജ്ജമാക്കും. കോര്‍പറേഷനിലെ മുഴുവന്‍ 11 കെ.വി ലൈനുകളും ഭൂഗര്‍ഭ കേബിള്‍ ലൈനുകളായോ ഇന്സുലേറ്റര് കണ്ടക്ടര്‍ ലൈനുകളായോ മാറ്റി സ്ഥാപിക്കും. 2025ഓടുകൂടി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ വൈദ്യുതി വിതരണ പ്രസരണ നഷ്ടത്തിന്റെ അളവ് ഗണ്യമായി കുറയും. കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് ലക്ഷം കോടി രൂപ െചലവിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.ഡി.എസ്.എസിന്റെ ഭാഗമായിട്ടാണ് കൊല്ലം ജില്ലയില്‍ വൈദ്യുതി മേഖലയുടെ നവീകരണം സാധ്യമാക്കുന്നത്. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിതരണശൃംഖലയുടെ നവീകരണം, പ്രസരണ നഷ്ടത്തിന്റെ അളവില്‍ കുറവ് വരുത്തുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കല്‍ അടക്കമുള്ള ആധുനീകരണം എന്നിവയാണ്. ഇതില്‍ വിതരണ ശൃംഖലയുടെ നവീകരണവും പ്രസരണ നഷ്ടം കുറക്കലും പദ്ധതിക്കുള്ള 100 ശതമാനം തകയും കേന്ദ്ര ഫണ്ടാണ്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ 15 ശതമാനമാണ് കേന്ദ്ര വിഹിതം. മൂന്ന് മാസത്തിലൊരിക്കല്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
പദ്ധതി നിര്‍വഹണത്തിനും നിരീക്ഷണത്തിനുമായുള്ള ജില്ലതല മോണിറ്ററിങ് കമ്മിറ്റിയുടെ പ്രഥമയോഗം കമ്മിറ്റി ചെയര്‍മാനായ എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ പ്രതിനിധി സന്ദീപ് എസ്, ജില്ല െഡവലപ്മെന്റ് കമീഷണര്‍ ആസിഫ്, വൈദ്യുതി ബോര്‍ഡ് കൊല്ലം െഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ലിന്. പി, കൊട്ടാരക്കര െഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വി.വി. സുനില്‍കുമാര്‍, ട്രാന്സ്മിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയർ സോണി ഫ്രാന്‍സിസ്, േപ്രാജക്ട് മാനേജ്മെന്റ് യൂനിറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയർ എ. ശ്യാംകുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.