കൊല്ലം: ദീർഘദൂര സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിലെ യാത്ര ദുരിതപൂർണം. ഗുരുദേവ് എക്സ്പ്രസ് അടക്കം മിക്ക ട്രെയിനുകളിലും ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്. സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ എ.സി, സ്ലീപ്പർ കോച്ചുകൾ മാത്രം കൃത്യമായി പരിപാലിക്കുന്ന റെയിൽവെ ജനറൽ കോച്ചുകളെ പൂർണമായും അവഗണിക്കുന്നു. വെള്ളവും വെളിച്ചവുമില്ലാതെയാണ് മിക്കപ്പോഴും ജനറൽ കോച്ചുകൾ ഓടുന്നത്. ഫാനുകൾ ശരിക്ക് പ്രവർത്തിക്കാറില്ല. കൊല്ലത്തുനിന്ന് തിരുവനന്തപുരം, കായംകുളം ഭാഗത്തേക്ക് നിരവധിയാത്രക്കാരാണ് സൂപ്പർഫാസ്റ്റ് ട്രെയിനുകളെ പല സമയങ്ങളിലും ആശ്രയിക്കുന്നത്.
എന്നാൽ ചപ്പുചവറുകൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ് മിക്ക ടെയ്രിനുകളിലേയും ജനറൽ കോച്ചുകൾ. ടോയ്ലറ്റ് നിറഞ്ഞ് മലിനജലം കോച്ചിനുള്ളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയുമുണ്ട്.
ഷാലിമാർ എക്സ്പ്രസിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ മുൻഭാഗത്തെ ജനറൽ കോച്ചിലെ മാലിനജലം രൂക്ഷമായ ദുർഗന്ധത്തോടെ ട്രെയിനുള്ളിലേക്ക് തന്നെ ഒഴുകുന്ന സ്ഥിതിയുണ്ടായി. യാത്രക്കാർ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ട്രെയിനുകളിൽ കൃത്യമായി പരിപാലനം ഉറപ്പാക്കുന്നുണ്ടെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ട്രെയിനുകളിൽ ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിൽ പരിമിതികളുണ്ടെന്നുമാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. രണ്ടും മൂന്നും ദിവസം യാത്ര ചെയ്തുവരുന്ന ട്രെയിനുകളിൽ ദുർഗന്ധമടക്കം പതിവാണെന്ന് റെയിൽവേ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.