കരുനാഗപ്പള്ളി: യു.ഡി.എഫ് നേതൃത്വത്തിൽ കുലശേഖരപുരം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഗ്രാമപഞ്ചായത്തിൽ വാക്സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് വെള്ളിയാഴ്ച സമരം ചെയ്ത യു.ഡി.എഫ് നേതാക്കളെ സി.പി.എം പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചണ് തിങ്കളാഴ്ച രാവിലെ 11 ഓടെ പ്രതിഷേധ മാർച്ച് നടത്തിയത്.
കുഴിവേലി മുക്കിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ചിനിടെ മറ്റത്ത് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന ഡി.വൈ.എഫ്.ഐയുടെ കൊടിമരം പിഴുതുകളയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. ഇതോടെ, പൊലീസ് ഇടപെടുകയും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ഒടുവിൽ പൊലീസ് ലാത്തി വീശുകയും പ്രവർത്തകർ ചിതറിയോടുകയും ചെയ്തു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. പ്രവർത്തകർ ചിന്നിച്ചിതറി പോയെങ്കിലും വീണ്ടും സംഘടിച്ചെത്തി പൊലീസിനെതിരെ മുദ്രാവാക്യം വിളി ആരംഭിച്ചു. ഇതോടെ, വീണ്ടും സംഘർഷാവസ്ഥയായി. മുതിർന്ന നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പൊലീസുമായി വീണ്ടും ഉന്തും തള്ളുമുണ്ടായതോടെ ലാത്തിച്ചാർജ് നടത്തി. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി മാർച്ച് വീണ്ടും ആരംഭിച്ചു. പഞ്ചായത്ത് ഓഫിസിന് 100 മീറ്റർ അകലെ പൊലീസ് മാർച്ച് തടഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതിഷേധ മാർച്ച്
കരുനാഗപ്പള്ളി: കോണ്‍ഗ്രസ് നേതാക്കളെയും പഞ്ചായത്ത് അംഗങ്ങളെയും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മര്‍ദിച്ചതിൽ പ്രതിഷേധിച്ച് കുലശേഖരപുരം പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് കെ.എസ്. ശബരീനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് നീലികുളം സദാനന്ദന് അധ്യക്ഷത വഹിച്ചു.
സത്യഗ്രഹം തുടങ്ങി
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ സത്യഗ്രഹസമരം തുടങ്ങി.കുടുംബാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷന് അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിക്കുക, യു.ഡി.എഫ് പഞ്ചായത്തംഗത്തെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കോണ്‍ഗ്രസ് നേതാക്കളെയും പഞ്ചായത്തംഗങ്ങളെയും പഞ്ചായത്തംഗത്തിെൻറ സ്ഥാപനവും അക്രമത്തിനിരയാക്കിയ സി.പി.എം -ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് കുഞ്ഞ് കൊച്ചയ്യത്ത്, സൗമ്യ, ഉസൈബബീവി, ദീപക്, ഷാലി, സ്നേഹലത എന്നിവരാണ് സത്യഗ്രഹസമരം തുടങ്ങിയത്. യു.ഡി.എഫ് ജില്ല ചെയര്മാന് കെ.സി. രാജന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദന് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.