പുനലൂർ: അഞ്ചൽ ഏറം ഉത്ര വധക്കേസിലെ സ്ത്രീധന പീഡനക്കേസിലെ രണ്ടാംസാക്ഷി ഉത്രയുടെ പിതാവ് വിജയസേനന്റെ പ്രതിഭാഗം എതിർവിസ്താരം തുടങ്ങി. പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രന്റെ കോടതിയിൽ നടക്കുന്ന വിചാരണയിൽ പ്രതികൾക്ക് വേണ്ടിയുള്ള ക്രോസ് വിസ്താരം ബുധനാഴ്ച മൂന്ന് മണിക്കൂറിലധികം നീണ്ടു. ബാക്കി വിസ്താരത്തിനായി മാർച്ച് 15 ലേക്ക് മാറ്റി. ആദ്യം പരാതി നൽകിയപ്പോഴൊന്നും സ്ത്രീധന ആരോപണവും ഗാർഹിക പീഡനവും ഉന്നയിക്കാത്തതിലെ വൈരുധ്യതയാണ് പ്രധാനമായും പ്രതിഭാഗം ഉയർത്തിക്കാട്ടാൻ ശ്രമിച്ചത്. ഉത്രക്ക് വിവാഹത്തിന് നൽകിയ ബലേനോ കാർ ഉത്രക്ക് സഞ്ചരിക്കാൻ വാങ്ങി നൽകിയതാണെന്നും സ്ത്രീധനമായി നൽകിയതല്ലെന്നും പ്രതിഭാഗം വാദിച്ചു.
സൂരജിന് വിവാഹത്തിന് മുമ്പ് നൽകിയ മൂന്നുലക്ഷം രൂപ, കല്യാണത്തിൽ നിന്ന് പിന്മാറാതിരിക്കാൻ സൂരജിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് ഉത്രയുടെ പിതാവ് സമ്മാനമായി നൽകിയതാണെന്നും പ്രതിഭാഗം വാദിച്ചു. ഉത്രവധക്കേസിൽ ശിക്ഷ അനുഭവിച്ചു വരുന്ന ഭർത്താവ് സൂരജ് എസ്. കുമാർ, ഭർതൃപിതാവ് സുരേന്ദ്ര പണിക്കർ, ഭർതൃമാതാവ് രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.