കൊല്ലം: കാൽ നനക്കാൻ പോലുമിറങ്ങരുതെന്ന് അറിവും അനുഭവവുമുള്ളവർ മുന്നറിയിപ്പ് നൽകുന്ന കൊല്ലം ബീച്ചിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. തിരകളിൽ യുവാവിന്റെ ജീവൻ നഷ്ടമായിട്ട് 14 മണിക്കൂർപോലും പിന്നിടും മുമ്പേ വീണ്ടും അപകടത്തിരയിലേക്ക് യുവാക്കൾ വീഴുന്നതിന് തീരം സാക്ഷിയായി.
നല്ലില സ്വദേശിയായ 22കാരൻ ആശിഷ് ജോയ് ആണ് വ്യാഴാഴ്ച അർധരാത്രി കാൽനനക്കാനിറങ്ങി തിരയിൽ നിലതെറ്റി ജീവൻ നഷ്ടമായത്. ആ ഞെട്ടലിൽനിന്ന് മുക്തമാകും മുമ്പ് ഉച്ചക്ക് 2.30 ഓടെ ഇതരസംസ്ഥാനക്കാരായ ഏഴംഗ വിനോദസഞ്ചാരികളാണ് തിരയിൽപെട്ട് മുങ്ങിയത്.
യുവാക്കളുടെ സംഘം കടലിൽ ഇറങ്ങാൻ ശ്രമിച്ചത് ലൈഫ് ഗാർഡുമാർ ആദ്യം തടഞ്ഞിരുന്നു. എന്നാൽ, ഇവർ ബീച്ച് ഹോട്ടലിനു നേരെയുള്ള ഭാഗത്ത് കടലിൽ ഇറങ്ങുകയായിരുന്നു. ഏഴുപേരും മുങ്ങിത്താഴുന്നതു കണ്ട് ലൈഫ് ഗാർഡുമാർ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.അവധിക്കാലംകൂടിയായതോടെ തീരത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
10 ദിവസമായി ചുഴലിക്കാറ്റ് മൂലം പ്രക്ഷുബ്ധമാണ്. ഈ സ്ഥിതിയിൽ തങ്ങൾ നൽകുന്ന നിർദേശങ്ങൾ അവഗണിച്ച് കടലിലിറങ്ങി അപകടം ക്ഷണിച്ചുവരുത്തരുതെന്ന മുന്നറിയിപ്പാണ് രക്ഷാപ്രവർത്തകർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.