കൊല്ലം: ഒടുവിൽ കൊല്ലം സിവിൽ സ്റ്റേഷനിൽ മാലിന്യ മോചനത്തിന് വഴിതെളിയുന്നു. ഇടക്കിടെ ശുചീകരണ പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും നടക്കുമ്പോഴും മാലിന്യമുക്തമാകാത്ത സിവിൽ സ്റ്റേഷനെ ഹരിതനേട്ടത്തിലേക്ക് നയിക്കാനാണ് പദ്ധതിയൊരുങ്ങുന്നത്.
‘മാലിന്യമുക്ത നവകേരളം’ ജനകീയ ക്യാമ്പയിനിൽ ഉൾപ്പെടുത്തി പ്രത്യേകം കർമപദ്ധതിയിലൂടെയാണ് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളെ ശുചിത്വവഴിയിലേക്ക് നയിച്ച് ശുചിത്വ കോംപ്ലക്സ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കോടതി ഉള്‍പ്പെടെ എല്ലാ ഓഫിസുകളും ഹരിത ഓഫിസുകളാക്കുകയാണ് ലക്ഷ്യം. 2025 ജനുവരി 26നാകും ഹരിത ഓഫിസ് പ്രഖ്യാപനം.
ശുചിത്വ മിഷന് ആണ് വിശദമായ കർമപദ്ധതി അവതരിപ്പിച്ചത്. പദ്ധതി ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ഉദ്യോഗസ്ഥ യോഗം ചേർന്നു.1200ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരും 1500ല്‍ അധികം കോടതി ജീവനക്കാരും 5000 ലധികം പൊതുജനങ്ങളും നിത്യേന എത്തുന്ന സിവില്‍ സ്റ്റേഷന് കോംപ്ലക്സിലെ മാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമായി നിര്‍വഹിക്കാനുള്ള നിദേശങ്ങളാണ് കർമപദ്ധതി മുന്നോട്ടുവെക്കുന്നത്.
ഓരോ ഓഫിസിലും ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, ഇവ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും മാലിന്യ പരിപാലന തൊഴിലാളികളെ നിയമിക്കുക, ജൈവമാലിന്യം തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂനിറ്റിലേക്കും അജൈവ വസ്തുക്കള്‍ എം.സി.എഫിലേക്കും മാറ്റുക, ഇവര്‍ക്ക് പ്രതിമാസ വേതനം നൽകാൻ എല്ലാ ജീവനക്കാരിൽനിന്നും അഭിഭാഷകരില്‍നിന്നും പ്രതിമാസം 50 രൂപ ശേഖരിക്കുക എന്നീ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്.
ഓഫിസ് പൊടി രഹിതമായിരിക്കുക, ഡിസ്പോസിബ്ള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കുക, പ്രകൃതി സൗഹൃദ അലങ്കാര വസ്തുക്കള്‍ കൊണ്ട് ഓഫിസ് സൗന്ദര്യവല്‍ക്കരിക്കുക, ഹരിത ഉപഹാരങ്ങള്‍ നല്‍കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിർദേശമുയർന്നു. പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമ തീരുമാനം. പദ്ധതി യാഥാർഥ്യമായാൽ വിവിധയിടങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്ന സിവിൽ സ്റ്റേഷന് ശുചിത്വപാലനത്തിൽ പുതുമാതൃക സൃഷ്ടിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.