പുനലൂർ: കരവാളൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ വെഞ്ചേമ്പ് പ്രദേശം രൂക്ഷമായ ശുദ്ധജല ക്ഷാമത്തിൽ. വേനലാരംഭം മുതൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്ന് ചേറ്റുകുഴി വാർഡംഗം കുറ്റപ്പെടുത്തി.
ചേറ്റുകുഴി, കൂട്ടപ്പാറ, നമ്പിശ്ശേരിൽ, കൈതക്കെട്ട്, ജവഹർ ജങ്ഷൻ, ബ്ലാത്തൂർ, അരീക്കൽ എന്നീ പ്രദേശങ്ങളിലെ മിക്കവീടുകളിലും കുടിവെള്ളക്ഷാമം നേരിടുന്നു. ഒരു മാസമായി ഇതുമായി ബന്ധപ്പെട്ട ഭരണസമിതി നേതൃത്വത്തോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും കാര്യമായ ഇടപെടലുകളില്ല. ജലജീവൻ മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ മേഖലയിൽ മുടങ്ങി കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടേയും മറ്റും ഉദ്ദ്യോഗസ്ഥർ നേരിട്ട് സ്ഥലസന്ദർശനം നടത്തി പോയതല്ലാതെ സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. കരവാളൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളുടെ ജലജീവൻ മിഷൻ പ്രവൃത്തി എടുത്തിരിക്കുന്ന കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവമാണ് പണി പുരോഗതിയുടെ കാര്യത്തിൽ നിലവിലുള്ളതെന്ന് ആക്ഷേപമുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏറ്റവും പ്രധാന പദ്ധതിയായ ഈ പ്രവൃത്തി സമയബന്ധിതമായി തീർക്കുന്നതിനാവശ്യമായ മെഷീനറികളോ തൊഴിലാളികളേയോ നിയോഗിക്കാതെ തുശ്ചമായ ക്രമീകരണങ്ങളാൺ നിർമാണത്തിനുള്ളത്.
അതുപോലെ തന്നെ പൈപ്പ് കണക്ഷൻ നൽകാനായി വെട്ടിപ്പൊളിച്ച ഗ്രാമീണറോഡുകൾ മിക്കവയും ഒരു വർഷം കഴിഞ്ഞിട്ടും യാത്രായോഗ്യമാകുന്ന നിലയിൽ പുനഃസ്ഥാപിക്കുന്നതിന് കോൺട്രാക്ടർ തയാറാകുന്നുമില്ല. സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കാനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കരവാളൂർ പഞ്ചായത്ത് മേഖലയിൽ നടക്കുന്നില്ല.
എന്നിരിക്കെ വേനൽ അതിരൂക്ഷമായിട്ടും ടാങ്കർ ലോറികളിലൂടെ വെള്ളം വിതരണത്തിന് നടപടികൾ പോലും സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകുന്നില്ല. വേനൽക്കാല ജലവിതരണത്തിന് നടപടി സ്വീകരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങക്ക് കഴിഞ്ഞമാസം അഞ്ചിന് സർക്കാർ ഉത്തരവ് നിൽകിയിട്ടും നടപ്പാക്കാൻ പഞ്ചായത്ത് തയാറാകുന്നില്ല.
കഴിഞ്ഞ വേനൽക്കാലത്തും ജലവിവിതരണത്തിൽ ഇതേ അലംഭാവം ഉണ്ടായി. കഴിഞ്ഞമാസം ഏഴിലെ പഞ്ചായത്ത് കമ്മിറ്റി യോഗം വേനൽക്കാല കുടിവെള്ളം വിതരണത്തിന് ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചിരുന്നു. ചില തൽപരകക്ഷികളുടെ ടെണ്ടർ സമയബന്ധിതമായി സ്വീകരിക്കാൻ പഞ്ചായത്തിന് കഴിയാഞ്ഞതിനാൽ നിലവിലുള്ള ടെൻഡർ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്ന് മെംബർ ആരോപിച്ചു.
ടെൻഡറിൽ പങ്കെടുത്ത ആളുകളുമായി കരാർ വെയ്ക്കുന്നതിന് നാളിതുവരെ ഭരണ സമിതി തയാറായിട്ടില്ല.
അടിയന്തരമായി ടാങ്കറിലൂടെ ജലവിതരണം നടത്തി ശുദ്ധജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുകൂടിയായ മുഹമ്മദ്അൻസാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.