കൊല്ലം: സംസ്ഥാന ബജറ്റിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ആധുനീകരണം ഇടംനേടിയതോടെ വികസനകുതിപ്പിന് കളമൊരുങ്ങുമെന്ന് വിലയിരുത്തൽ. നഗരത്തിലെ വാണിജ്യ സാധ്യതകളോടൊപ്പം ടൂറിസം പദ്ധതിയും ഉൾപ്പെടുത്തി വരുമാന വർധനയുണ്ടാകുന്ന വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അഷ്ടമുടിക്കായലിെൻറ തീരം ചേർന്നുള്ള ഡിപ്പോയെ ടൂറിസവുമായി കൂട്ടിയിണക്കാൻ എളുപ്പമാണ്. നിലവിലെ ഡിപ്പോ ഭൂമിയിൽ പാർക്ക്, ഹോട്ടൽ മുറികൾ തുടങ്ങിയവയോടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം ഹബ്ബാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡിപ്പോയുടെ ആധുനീകരണം ബജറ്റിൽ ഉൾപ്പെടുത്തിയതോടെ ഗതാഗതവകുപ്പ് പദ്ധതി നടപ്പാക്കാനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളിനെ നിശ്ചയിക്കും. ഇവർ വിശദ രൂപരേഖ തയാറാക്കി കിഫ്ബി വഴിയാകും പദ്ധതി നടപ്പാക്കുക. ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വിവിധോദ്ദേശ്യ കെട്ടിട സമുച്ചയത്തിനാണ് സാധ്യത. നിലവിലെ കെട്ടിടത്തിന് 50 വർഷം പഴക്കമുണ്ട്. മേൽക്കൂരയിലെയും ഭിത്തികളിലെയും സിമൻറ് പാളികൾ അടർന്നുവീഴുന്ന നിലയിലാണ്. വനിത ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങളില്ല.
വിനോദസഞ്ചാര, വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് വൻതുക വരുമാനം ലഭിക്കുന്നതരത്തിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റിൽ ഗതാഗതമേഖലക്ക് അനുവദിച്ച രണ്ട് പ്രധാന അടിസ്ഥാന പദ്ധതികളിലൊന്നാണ് കൊല്ലം ഡിപ്പോ ആധുനീകരണം. പുതിയ ടെർമിനൽ വരുന്നതോടെ ബസ് സ്റ്റാൻഡ് പ്രവർത്തനം സുഗമമാകും. കായൽ ടൂറിസംകൂടി ലക്ഷ്യമിട്ടുള്ള ടെർമിനൽ വേണമെന്നാണ് വർഷങ്ങളായുള്ള ആവശ്യം. ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാണിജ്യ കെട്ടിടസമുച്ചയം നിർമിക്കാനും ഗാരേജ് ബസ് സ്റ്റേഷനാക്കാനും പദ്ധതിയുണ്ട്.
കൊല്ലം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മികച്ച നിലവാരത്തിലുള്ള ശൗചാലയങ്ങൾ നിർമിക്കും. കാറ്റും വെളിച്ചവും കയറുന്നതരത്തിൽ നിലവിലുള്ളവ പുതുക്കിപ്പണിയാനും ചിലയിടങ്ങളിൽ പുതിയത് നിർമിക്കാനുമാണ് പദ്ധതി. പ്ലാൻ ഫണ്ട് അടക്കമാണ് വിനിയോഗിക്കുക.
ഷോപ്പിങ് മാളുകളും കോംപ്ലക്സുകളുമുള്ളവ ഒഴികെ ഭൂരിഭാഗം സ്റ്റേഷനുകളിലും ശൗചാലയങ്ങളുടെ അവസ്ഥ ശോച്യമാണെന്ന വിലയിരുത്തലിനെതുടർന്നാണ് നടപടി. 69 ഡിപ്പോകളിൽ അന്താരാഷ്ട്ര നിലവാരമുള്ള ശൗചാലയം നിർമിക്കാനായി പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശൗചാലയങ്ങളാണ് രൂപകൽപന ചെയ്യുക.
നിലവിലുള്ള ശൗചാലയങ്ങളിൽ തീർത്തും ഉപയോഗശൂന്യമായവ പൊളിക്കും. കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ തുടങ്ങിയ 'സുലഭ്' ശൗചാലയം പരിപാലിക്കുന്നില്ലെന്നും സ്ത്രീകളുടെ ശൗചാലയങ്ങൾ വൃത്തിഹീനമാണെന്നും പരാതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.