കൊല്ലം: കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരെ പൂട്ടാൻ കൊല്ലം സിറ്റിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ഇനിമുതൽ ബോഡി വോൺ കാമറയും. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ നിരത്തിൽ എല്ലാവരെയും നിരീക്ഷിക്കും.
കാമറ ഒപ്പിയെടുക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുന്ന ഡിജിറ്റിൽ തെളിവായി മാറും. ജില്ലയിൽ സിറ്റി പൊലീസിന് മാത്രമാണ് ബോഡി ബോൺ കാമറ അനുവദിച്ചിട്ടുള്ളത്. 25 കാമറകളിൽ സിറ്റി പൊലീസ് കൺട്രോൾ റൂമിന് 14, ട്രാഫിക് ആറ്, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ഇരവിപുരം സ്റ്റേഷനുകളിൽ ഓരോന്നു വീതവും ചാത്തന്നൂർ, കരുനാഗപ്പള്ളി സബ്ഡിവിഷനുകൾക്ക് ഓരോന്നു വീതവുമാണ് നൽകിയത്.
കൺട്രോൾ റൂമിനു ലഭിച്ച കാമറയിൽ രണ്ടെണ്ണം പിങ്ക് പൊലീസിനും കൈമാറി. ഇവയെല്ലാം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോയിന്റ് ഡ്യൂട്ടിനോക്കുന്ന പൊലീസുകാർ യൂനിഫോമിൽ ഘടിപ്പിക്കും. രാവിലെയും വൈകീട്ടും സ്കൂൾ, കോളജ്, ബസ്സ്റ്റാൻഡ്, പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് കാമറ ധരിച്ച പൊലീസ് ഉണ്ടാകും.
പൂവാല ശല്യം, പിടിച്ചുപറി, സ്ത്രീക്ക് നേരേയുള്ള ആക്രമണം, മോഷണം എന്നിവ കാമറ ഒപ്പിയെടുക്കും. സ്കൂളുകൾക്കും, കോളജുകൾക്ക് മുന്നിലും പരിസര പ്രദേശങ്ങളിലും ബസ് സ്റ്റോപ്പുകളിലും പെൺകുട്ടികളെ ശല്യം ചെയ്താൽ മഫ്തിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ കാമറയിൽ തെളിയും.
ബോഡി വോൺ കാമറയിൽ പതിയുന്ന നിയമ ലംഘനം, പൊതുസ്ഥലങ്ങളിലെ പുകവലി എന്നിങ്ങനെ ചെറിയ കുറ്റകൃത്യങ്ങൾക്ക് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പെറ്റിക്കേസ് എടുക്കുമെന്നും കൊല്ലം എ.സി.പി എ. അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.