ഈരാറ്റുപേട്ട: നഗരസഭ അതിർത്തിയിലെ 8000ത്തോളം കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അമൃത് കുടിവെള്ള പദ്ധതിപ്രകാരം ഒന്നാംഘട്ടമായി 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യേക താല്പര്യമെടുത്താണ് ആനുപാതികമായി ലഭിക്കുമായിരുന്ന എട്ടു കോടി വർധിപ്പിച്ച് 25 കോടി അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
നഗരസഭ അതിർത്തിയിൽ 8000ത്തോളം ഗാർഹിക കണക്ഷനുകൾ ആവശ്യമുള്ളപ്പോൾ നിലവിൽ 500ഓളം വീടുകളിൽ മാത്രമാണ് ജലവിതരണം നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതികൾ ഏറ്റവും കുറവുള്ള നഗരസഭകളിൽ ഒന്നാണ് ഈരാറ്റുപേട്ട.
മലങ്കര ഡാമിൽനിന്നുള്ള ജലം ശുദ്ധീകരിച്ചാണ് വിതരണം നടത്തുക. തേവരുപാറയിൽ ഇപ്പോഴുള്ള ഉപരിതല ടാങ്കിനുപകരം 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് പുതുതായി നിർമിച്ച് ജലം ശേഖരിച്ചായിരിക്കും വിതരണം നടത്തുക. അനുവദിക്കപ്പെട്ട തുകയിൽ എട്ടുലക്ഷം രൂപ വിനിയോഗിച്ച് സാധ്യതാപഠനം നടത്തി ജലവിതരണം നടത്താൻ പര്യാപ്തമായ വിശദമായപ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയാറാക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു. സോയിൽ ടെസ്റ്റിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം സമ്പൂർണ കുടിവെള്ള പദ്ധതിക്ക് കൂടുതൽ തുക ആവശ്യമായി വന്നാൽ അധിക തുക രണ്ടാംഘട്ടമായി അനുവദിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.