ഈരാറ്റുപേട്ട: വാക്സിനുകൾ എടുക്കാതെ ജില്ലയിൽ 30 കുട്ടികൾ. 182 കുട്ടികൾ ഭാഗികമായി മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും കണ്ടെത്തൽ. സമ്പൂർണ വാക്സിനേഷൻ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജൂലൈയിൽ ജില്ലയിൽ നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങൾ. അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വീടുകളിലെത്തി ആശാപ്രവർത്തകരാണ് വിവരങ്ങൾ ശേഖരിച്ചത്.
ജില്ലയിൽ പാറത്തോട്, കാളകെട്ടി ഗ്രാമപഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ മുടങ്ങിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ വാക്സിനേഷൻ പ്രചാരണം ശക്തമാക്കും. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കിടയിലും പൂർണമായും വാക്സിനുകൾ സ്വീകരിക്കാത്തവർ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി അവരുടെ താമസ സ്ഥലങ്ങൾക്ക് സമീപം ക്യാമ്പുകൾ സംഘടിപ്പിക്കുംം. ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ക്യാമ്പുകൾ സംഘടിപ്പിച്ച് മുഴുവൻ കുട്ടികൾക്കും പൂർണമായി വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഈമാസം ഏഴു മുതൽ 12 വരെ ജില്ലയിലുടനീളം പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
ദേശീയതലത്തിൽ നടക്കുന്ന പൂർണ വാക്സിനേഷൻ തീവ്രയജ്ഞത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പുകൾ. ഇതിന്റെ ജില്ലതല ആലോചനയോഗം ഞായറാഴ്ച രാവിലെ 11ന് ഈരാറ്റുപേട്ടയിൽ നടക്കും. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ നടക്കുന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷതവഹിക്കും. രണ്ടാം ഘട്ട ക്യാമ്പുകൾ സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ട ക്യാമ്പുകൾ ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും.
ജനനം മുതൽ അഞ്ചു വയസ്സുവരെ കുഞ്ഞുങ്ങൾ 11 തരം വാക്സിനുകളാണ് നിർബന്ധമായും സ്വീകരിക്കേണ്ടത്. ഇവ പൂർണമായും സൗജന്യമായാണ് നൽകുന്നത്. ഇവ കൃത്യമായും പൂർണമായും സ്വീകരിക്കേണ്ടത് 11 മാരകരോഗങ്ങളിൽനിന്ന് സുരക്ഷ നേടുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, കുട്ടികൾ സ്വീകരിക്കേണ്ട പല വാക്സിനുകളും കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയതായി ദേശീയതലത്തിലുള്ള സർവേകളിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തീവ്രയജ്ഞം. വാക്സിൻ എടുക്കാത്തത് കുട്ടികളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഡോ. എൻ.പ്രിയ പറഞ്ഞു. ഡോക്ടർമാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, ആശാപ്രവർത്തകർ തുടങ്ങിയവർക്ക് പുറമെ അംഗൻവാടി പ്രവർത്തകർ, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും മത-സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ സംഘടനകൾ എന്നിവരുടെയും സഹകരണത്തോടെയാകും കുട്ടികളുടെ വാക്സിനേഷൻ നടത്തുക.
ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.അജയ്മോഹൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ.ജി.സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.