ഗിരീഷ് ശർമ, ലിറ്റി ജോസ്
ഈരാറ്റുപേട്ട: ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ഈരാറ്റുപേട്ടക്കും അമ്പാറക്കും അഭിമാനം. ചന്ദ്രയാൻ 3 ലാൻഡറിന്റെ അഡ്വാൻസ്ഡ് ലാൻഡിങ് നാവിഗേഷൻ സിസ്റ്റം നിർമിച്ച ടീം അംഗം സീനിയർ സയന്റിസ്റ്റും ഗ്രൂപ് ഡയറക്ടറുമായ ഡോ. ഗിരീഷ് ശർമയും അമ്പാറ എട്ടൊന്നിൽ ജോസ് ദേവസ്യയുടെയും റോസമ്മ ജോസിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ ലിറ്റി ജോസുമാണ് നാടിന്റെ താരങ്ങളായത്.
പരേതനായ ഡോ. ശർമയുടെയും അധ്യാപികയായ രാധാമണിയുടെയും മകനാണ് ഡോ. ഗിരീഷ് ശർമ. അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂൾ, പൂഞ്ഞാർ സെന്റ് ജോസഫ് യു.പി സ്കൂൾ, ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, അരുവിത്തുറ സെന്റ് ജോർജ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, ചെന്നൈ ഐ.ഐ.ടി, ഐ.ഐ.ടി ഗുഹാവതി എന്നിവിടങ്ങളിൽനിന്ന് ബി.ടെക്, എം.ടെക് പിഎച്ച്.ഡി എന്നിവ കരസ്ഥമാക്കി. നീലേശ്വരം സ്വദേശി ശ്രീപ്രിയയാണ് ഭാര്യ. തീർഥശ്രീ, മൈഥിലി എന്നിവർ മക്കളാണ്.
2007ൽ ഐ.എസ്.ആർ.ഒയിൽ ജോലിയിൽ പ്രവേശിച്ച ലിറ്റി നിലവിൽ ബംഗളൂരുവിൽ സീനിയർ സയന്റിസ്റ്റാണ്. ഭർത്താവ് കളമശ്ശേരി സ്വദേശി ഇളമാടയിൽ വിജയ് തോമസ് ബംഗളൂരുവിൽ സോഫറ്റ്വെയർ എൻജിനീയറാണ്. മക്കൾ: ജോഷ്വ, ജോഹാൻ ഇരുവരും വിദ്യാർഥികളാണ്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അരുവിത്തുറ സെന്റ് ജോർജ് കോളജിൽനിന്ന് ഡിഗ്രിയും കോതമംഗലം എം.എ കോളജിൽനിന്ന് ബി.ടെക്കും വിജയിച്ച ലിറ്റി തുടർന്ന് വിവിധ കോളജുകളിൽ അധ്യാപികയായും ജോലി ചെയ്തിരുന്നു. 2006ലായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.