ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി നൽകിയ തിരുത്തിയ റിപ്പോർട്ടിന്റെ പകർപ്പ് നൽകാനാവില്ലെന്ന് വിവരാവകാശ മറുപടി. ഈരാറ്റുപേട്ടയെ സംബന്ധിച്ച വിവാദ പരാമർശങ്ങൾ നീക്കിയതായി മാർച്ച് ആറിന് മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന വന്നിരുന്നു.
തുടർന്നാണ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പൊന്തനാൽ മുഹമ്മദ് ഷെരീഫ് ജില്ല പൊലീസ് മേധാവി കാര്യാലയത്തിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫിസർക്ക് വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ, വിവരാവകാശ നിയമം 8.1 എ പ്രകാരം മറുപടി നൽകാൻ സാധിക്കില്ലെന്നാണ് മറുപടി നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന വിവരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയെന്നാണ് വിവരാവകാശ നിയമം 8.1 എ പറയുന്നത്. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജനകീയ വികസന ഫോറം പ്രസിഡന്റ് കൂടിയായ ഷെരീഫ് പറഞ്ഞു. ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ കോപ്പി 2023 ഒക്ടോബർ 10നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ഷരീഫിന് ലഭിച്ചത്. ഈ റിപ്പോർട്ട് തിരുത്തിയെന്നാണ് മാർച്ച് ആറിന് മന്ത്രി പ്രസ്താവന ഇറക്കിയത്. ഈരാറ്റുപേട്ടയിൽ ചേർന്ന മഹല്ല് ഭാരവാഹികളുടെ യോഗത്തിലും റിപ്പോർട്ട് തിരുത്തുമെന്ന് മന്ത്രി വാക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.