ഈരാറ്റുപേട്ട: വേനൽ കടുത്തതോടെ നഗരസഭയിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം നിലച്ചമട്ടാണ്. ഇതോടെ ടാങ്കർവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. മീനച്ചിലാർ വറ്റിവരണ്ടതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായി. ആറിന്റെ ഓരങ്ങളിൽ സ്ഥാപിച്ച കുടിവെള്ള വിതരണ കിണറുകളിൽ വെള്ളം ഇല്ലാതായത് ജലസേചന പദ്ധതികളെയും അവതാളത്തിലാക്കി. ലക്ഷങ്ങൾ മുതൽ മുടക്കി അശാസ്ത്രീയമായി നിർമിച്ച പല ചെക്ക് ഡാമുകളും വേനലിൽ ബാധ്യതയാണ്. മീനച്ചിലാറ്റിൽ കയങ്ങളിലും ചെക്ക്ഡാമുകളിലും മാത്രമാണ് അൽപം വെള്ളം അവശേഷിക്കുന്നത്. ആറോളം ജനകീയ കുടിവെള്ള പദ്ധതികളുടെ കിണറുകൾ സ്ഥിതിചെയ്യുന്ന മീനച്ചിലാറ്റിലെ ഈലക്കയത്തിലെ അടിത്തട്ട് കാണാൻ തുടങ്ങി.
ഈലക്കയം വറ്റിയതോടെ നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലെ ജലവിതരണം മുടങ്ങി. മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാനുള്ള 1243 കോടിയുടെ മലങ്കര പദ്ധതിയും പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. സംസ്ഥാന വിഹിതമായ 60 കോടി നൽകിയാലേ നിർമാണം അടുത്തഘട്ടത്തിലേക്ക് കടക്കൂ. മലങ്കര പദ്ധതിയോട് ചേർത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട നഗരസഭയുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പോകുന്നത്. സമൃദ്ധമായി ഒഴുകുന്ന രണ്ട് നദികളുണ്ടായിട്ടും നഗരസഭയിൽ പ്രയോജനകരമായ ശുദ്ധജല പദ്ധതികൾ ആവിഷ്കരിക്കാൻ വാട്ടർ അതോറിറ്റിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
വെള്ളപ്പൊക്കം നിയന്ത്രിക്കാനും വേനൽകാലത്ത് നഗരസഭ പ്രദേശത്ത് കൂടി ഒഴുകുന്ന ആറുകളിൽ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ച് മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ ടോക്കൻ പ്രൊവിഷൻ വെച്ചിരുന്നു. എന്നാൽ, പാലായിലെ അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ ഈവർഷത്തെ ബജറ്റിൽ മൂന്നുകോടി വകയിരുത്തിയിട്ടുണ്ട്.
മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിതാൽ മുട്ടം ജങ്ഷനിലും സെൻട്രൽ ജങ്ഷനിലും ദിവസംതോറും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാൽ ചളിനിറഞ്ഞ് കിടക്കുന്ന ടൗണിലെ ചെക്ക് ഡാം പൊളിച്ചു കളയാം. കൂടാതെ വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും സാധിക്കും. ബ്രിഡ്ജ് പണി പൂർത്തിയാകുന്നതോടെ വേനൽകാലത്ത് വടക്കനാറ്റിൽ അൽമനാർ സ്കൂൾ ഭാഗം വരെയും തെക്കനാറിൽ മറ്റക്കാട് വരെയും നദിയിൽ ഒന്നരമീറ്റർ ജലവിതാനം ഉയരുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇരുനദിയെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധതികളിലെ കിണറുകളിൽ ധാരാളം വെള്ളം ലഭിക്കുകയും ഇതുമൂലം നഗരസഭ പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.
നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ മറ്റക്കാട്, തേവരുപാറ, പത്താഴപ്പടി, മുളന്താനം, നെല്ലിക്കച്ചാൽ, കാട്ടാമല, മന്തകുന്ന്, വല്യച്ചൻമല, വാക്കാപറമ്പ്, കടുവാമുഴി മുരുക്കോലി, വാഴമറ്റം പ്രദേശങ്ങളും കടുത്ത ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇലക്ഷൻ കാലത്തും വേനലിലും ചർച്ചചെയ്യുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കുടിവെള്ളപ്രശ്നത്തിന് പരിഹാരമാക്കത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.