ഈരാറ്റുപേട്ട: ഏറെ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ച സിവിൽ സ്റ്റേഷൻ നിർമാണത്തിന് സർക്കാറിന്റെ അനുമതി ലഭിച്ചതോടെ മൂന്നുവർഷം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. ഈ സർക്കാറിന്റെ ആരംഭത്തിലാണ് സിവിൽ സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ ആലോചന തുടങ്ങുന്നത്. സംസ്ഥാന നഗരസൂത്രണ വകുപ്പ് വടക്കേക്കരയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
അത് പ്രകാരം 2021ൽ നഗരസഭയിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷിയോഗത്തിലും വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷന് സമീപം കാടുപിടിച്ച് കിടക്കുന്ന സർക്കാർ ഭൂമിയിൽ 1.40 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷൻ, സ്മാർട്ട് വില്ലേജ് എന്നിവ നിർമിക്കാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കലക്ടറും ജില്ല പൊലീസ് മേധാവിയും ലാൻഡ് റവന്യൂ കമീഷണറും 2022ൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സ്ഥലം അനുവദിക്കാൻ തീരുമാനമായി.
സ്ഥലം അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞില്ല. പൊലീസ് സ്റ്റേഷൻ വളപ്പിൽ സിവിൽ സ്റ്റേഷൻ നിർമിക്കുന്നത് ആഭ്യന്തരഭീഷണി ഉണ്ടാകുമെന്ന ജില്ല പൊലീസ് മേധാവിയുടെ കത്ത് പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
പ്രദേശത്തെക്കുറിച്ച് എസ്.പി കൊടുത്ത റിപ്പോർട്ടിൽ നാടിനെക്കുറിച്ചുള്ള തെറ്റായ പരാമർശവും കടന്നുകൂടിയതോടെ വിഷയം ചൂടുപിടിച്ചു. രാഷ്ട്രീയ പകപോക്കലിനും ഇത് കാരണമായി. ഇതിനിടയിൽ പൂഞ്ഞാർ സംഭവംകൂടി ചേർത്ത് മുഖ്യമന്ത്രിയുടെ പരാമർശവുംകൂടി വന്നതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലായി. എന്നാൽ, കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പ് മേധാവികളും ചേർന്ന് എടുത്ത തീരുമാനമാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കാരണമായത്.
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയുടെ സമീപത്തുള്ള 2.8 ഏക്കർ സ്ഥലത്തുനിന്ന് 50 സെന്റ് സ്ഥലമാണ് ഇപ്പോൾ അനുവദിച്ചത്. ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ടൗണിൽനിന്ന് 200 മീറ്ററിന്റെ അകലം മാത്രമാണുള്ളത്. സമീപത്ത് മീനച്ചിലാർ ഒഴുകുന്നതിനാൽ ജല ലഭ്യതയുടെ കാര്യത്തിലും സംശയം വേണ്ട.
വടക്കേക്കര പ്രദേശത്തിന് സിവിൽ സ്റ്റേഷന്റെ വരവ് ഉണർവ് സൃഷ്ടിക്കും. വിവിധ പ്രദേശങ്ങളിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എട്ട് സർക്കാർ ഓഫിസുകളും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും യുവജന, ഭിന്നശേഷി സൗഹൃദമല്ലാതെയും പ്രവർത്തിക്കുന്ന ആറിലധികം ഓഫിസുകൾ ഉൾപ്പെടെ 14 സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സാധിക്കും. വാടകയിനത്തിൽ സർക്കാർ പ്രതിമാസം നൽകുന്ന ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രി കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിൻഹ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കലക്ടർ വി. വിഘ്നേശ്വരി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
പുതിയ തീരുമാനം വന്നതോടെ നാടിന്റെ ചിരകാല അഭിലാഷമാണ് പൂർത്തീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാറിന്റെ ചിരകാല സ്വപ്നമായ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം അനുവദിപ്പിക്കാൻ പ്രയത്നിച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്കും ഇടതു മുന്നണിക്കും അഭിവാദ്യം അർപ്പിച്ച് കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി.
സർക്കാറിന്റെ ആദ്യ ബജറ്റിൽ സിവിൽ സ്റ്റേഷൻ നിർമാണത്തിനായി പത്തുകോടി രൂപ വകയിരുത്തിയുരുന്നെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കൊണ്ട് നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ട് കോടി രൂപ ടോക്കൺ അനുവദിച്ചതിനാൽ താമസം കൂടാതെ നിർമാണപ്രവർത്തനം തുടങ്ങാൻ കഴിയും.
മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ് വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ. ആൻസി ജോസഫ്, സോജൻ അലക്കുളം, ലീന ജയിംസ് പി.എസ്.എം. റംലി, നാസർ ആലുംതറ, സിദ്ദീഖ്, അൻസാരി പാലയംപറമ്പിൽ, നാസർ കടപ്ലാക്കൽ, ഷാനവാസ് കടപ്ലാക്കൽ, ഹലിൽ മുഹമ്മദ്, ജാവ ഫൈസൽ, ബാബു വരവുകാല, തങ്കച്ചൻ പാറയിൽ എന്നിവർ സംസാരിച്ചു.
മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് നിർദേശിക്കപ്പെട്ടിരുന്ന പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽനിന്ന് 50 സെന്റ് സ്ഥലം അനുവദിക്കാൻ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കാൻ തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ലഭ്യമാക്കാൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കത്ത് നൽകിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ എതിർപ്പുമൂലം സ്ഥലം വിട്ടുകിട്ടിയിരുന്നില്ല. ഇപ്പോൾ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി ഉന്നതല യോഗം വിളിക്കുകയായിരുന്നു.
യോഗ തീരുമാനപ്രകാരം റവന്യൂ വകുപ്പിലേക്ക് സ്ഥലം വിട്ടുനൽകുന്നതോടെ മുമ്പ് നിർത്തിവെച്ചിരുന്ന വില്ലേജ് ഓഫിസിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. കൂടാതെ മിനി സിവിൽ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ തുടക്കംകുറിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.