ഈരാറ്റുപേട്ട: നഗരസഭയുടെ 2024-25 സാമ്പത്തികവർഷത്തെ 80.14 കോടി വരവും 78.92 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അവതരിപ്പിച്ചു. ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അമൃത് 2.0 പദ്ധതിയുമായി ബന്ധപ്പെട്ട നഗരസഭയുടെ വിഹിതമായ 3.75 കോടി രൂപ വകയിരുത്തി നഗരസഭയിലെ 8300ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിച്ചുകൊടുക്കും.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മീനച്ചിലാറിന്റെ കൈവഴികളായ തെക്കനാറിലും വടക്കനാറിലും രണ്ട് റിവർവ്യൂ റോഡുകൾ കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ നടപ്പാക്കും. ഡി.പി.ആറിനായി 30 ലക്ഷം രൂപ വകയിരുത്തും. ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരിക്കാൻ ഡി.പി.ആറിനായി 15 ലക്ഷം രൂപ ഈ വർഷം ചെലവഴിക്കും. 13 കോടി രൂപയും വകയിരുത്തി. 3.25 കോടി മുടക്കി കേന്ദ്രസഹായത്തോടെ അഗ്രികൾചറൽ സ്പൈസസ് മാർക്കറ്റ് നടപ്പാക്കും.
പാർപ്പിട മേഖലക്ക് 67,00,000 രൂപ വകയിരുത്തി. ലൈഫ് പദ്ധതിയിൽ ലിസ്റ്റിലുള്ള 337 പേർക്ക് ഭവനം നിർമിക്കുന്ന രീതിയിൽ 14,32,25,000 രൂപ ഹെഡ്കോയിൽനിന്നും ലോൺ പുതുക്കി നടപ്പാക്കും. പാർക്ക്, മിനിപാർക്ക്, പ്ലേ ഗ്രൗണ്ട്, ടർഫ്, നഗരസഭ സൗന്ദര്യവത്കരണം എന്നിവക്കും പുറമ്പോക്ക് ഭൂമിയിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഭവനരഹിതർക്ക് വീട് നിർമിക്കാനും അംഗൻവാടികൾ ഹൈടെക് ആക്കാനും ഭിന്നശേഷിക്കാർക്കായും തുക വകയിരുത്തി. ഉത്പാദനമേഖലയിൽ വിവിധ പദ്ധതികൾക്കായി 22,70,600 രൂപ വകയിരുത്തി. അംഗൻവാടി പോഷകാഹാരത്തിന് 26,00,000 രൂപയും ഭിന്നശേഷികുട്ടികൾക്ക് സ്കോളർഷിപ്പിന് 30,00,000 രൂപയും മാലിന്യ സംസ്കരണ പ്രോജക്ടുകൾക്കായി 70,19,500 രൂപയും വകയിരുത്തി.
ആരോഗ്യ മേഖലക്ക് 49,50,000 രൂപ, റോഡ് വികസനത്തിന് 2,50,00,000 രൂപ, വനിത ഘടക പദ്ധതികൾക്കായി 21,50,000 രൂപ, നഗരസഭ പൊതുവിഭാഗം പദ്ധതികൾക്കായി 4,93,46,000 രൂപയും വിവിധ പ്രോജക്ടുകൾക്കായി വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.