ഈരാറ്റുപേട്ട: ലോക്ഡൗൺ നീളുന്നതിനൊപ്പം സാധാരണ കുടുംബങ്ങളുടെ ദുരിതവും വർധിക്കുന്നു. ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന നൂറുകണക്കിനുപേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വസ്ത്രശാലകൾ, സ്വർണക്കടകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്വകാര്യ ബസ്, ലോറി, മിനി ബസ്, ടൂറിസ്റ്റ് ബസ് ജീവനക്കാർ തുടങ്ങി വീട്ടുജോലി ചെയ്യുന്നവർ വരെയുള്ള പതിനായിരക്കണക്കിന് പേരുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്. ഇവർക്കാർക്കും തൊഴിലോ വരുമാനമോ ഇപ്പോഴില്ല.
മിനി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ തന്നെ ഇവരിൽ പലർക്കും തൊഴിലില്ലാത്ത സ്ഥിതിയാണ് .ചായക്കടകളിൽ 500 രൂപ ദിവസക്കൂലിക്ക് ചായയടിക്കുന്നവർ മുതൽ വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ വരെ ഒരേ പോലെ ദുരിതത്തിലാണ്. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിെൻറ ദുരിതത്തിൽ നിന്നും കടബാധ്യതകളിൽ നിന്നും ഇനിയും ഇവർ മോചിതരായിട്ടില്ല. മാസ ശമ്പളം വാങ്ങിയിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് കഴിഞ്ഞ ലോക് ഡൗണിൽ ശമ്പളം കിട്ടിയിരുന്നില്ല. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതല സ്ഥാപനമാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ വരുമാന നഷ്ടമുണ്ടായതോടെ വേതനം കൊടുക്കാനുള്ള ശേഷി പല സ്ഥാപനങ്ങൾക്കുമില്ല. വിവിധ ക്ഷേമനിധികളിൽ അംഗത്വം ഉള്ളവർക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അസംഘടിത മേഖലയിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഒരു ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നവരല്ല.
വരുമാനം നിലച്ച് ദുരിതത്തിലായ സാധാരണ കുടുംബങ്ങളിലെല്ലാം മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികളുണ്ട്. നേത്രരോഗികൾ, പ്രമേഹം ബാധിച്ചവർ, രക്താതിമർദമുള്ളവർ എന്നിങ്ങനെ രോഗികൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഇവരും ദുരിതത്തിലാണ്. ഇത് കണക്കിലെടുത്ത് കുടുംബങ്ങൾക്ക് നിശ്ചിതതുക സാമ്പത്തികസഹായം അനുവദിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. തമിഴ്നാട് അടക്കം ചില സർക്കാറുകൾ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.