ഈരാറ്റുപേട്ട: നഗരസഭ കവാടത്തിൽ ചളിവെള്ളം ഒഴിക്കുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കൽ പാറനാനിയിൽ നജീബ്, മകൻ അൻസാർ, സക്കീർ കൊല്ലംപറമ്പ് എന്നിവരെയാണ് പൊതുസ്ഥാപനത്തിൽ അതിക്രമം കാണിച്ചു, ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. പാതിവഴിയിലായ നഗരസഭ ഏഴാം വാർഡിലെ ഈ ലക്കയം പമ്പ് ഹൗസ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കാട്ടാമല പൗരസമിതി നേതൃത്വത്തിൽ നഗരസഭ ഓഫിസ് പടിക്കലേക്ക് ധർണ സംഘടിപ്പിച്ചിരുന്നു. ഈ ധർണക്കിടയിലാണ് നിർമാണം നടക്കുന്ന റോഡിലെ ചളിവെള്ളവുമായി എത്തിയ പ്രതിഷേധക്കാരിൽ ചിലർ നഗരസഭ കവാടത്തിൽ ഒഴിച്ചത്.
സംഭവം വിഡിയോയിൽ പകർത്തിയ ജീവനക്കാരന്റെ ഫോൺ പിടിച്ചുവാങ്ങിക്കാൻ ശ്രമിക്കുകയും ജീവനക്കാരനെ ഓഫിസിൽ കയറി തള്ളുകയും ചെയ്തു. സെക്രട്ടറിയുടെ പരാതിയിൽ നഗരസഭയിലെ കാമറ പരിശോധിച്ച ശേഷമാണ് കുറ്റക്കാർക്കെതിരെ കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
കാലാവസ്ഥ പ്രതികൂലമായതുകൊണ്ടാണ് റോഡുപണി പൂർത്തിയാക്കാൻ കഴിയാത്തത് എന്നും മെറ്റീരിയലുകൾ ഇറക്കി ഉടൻ പണി ആരംഭിക്കുമെന്നും വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇല്യാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.