ഈരാറ്റുപേട്ട: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും വാഗമൺ റോഡ് തകർന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള റോഡ് നിർമാണം സംബന്ധിച്ച പ്രശ്നങ്ങൾ ഹൈകോടതിവരെ എത്തിയിരുന്നു. ആദ്യത്തെ കരാറുകാരൻ പാതിവഴിയിൽ നിർത്തിയപ്പോൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ടെൻഡറെടുത്ത് പൂർത്തിയാക്കിയത്. 20 കോടി രൂപ മുടക്കിയാണ് ഊരാളുങ്കലിനെ കരാർ ഏൽപിച്ചത്.
പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദപഠനം നടത്തിയാണ് ടാറിങ് പൂർത്തിയാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും റോഡ് തകർന്നു. പലയിടത്തും കുഴികൾ രൂപപ്പെട്ടു. വർഷകാലത്ത് ശക്തമായ ഉറവയുള്ള പ്രദേശങ്ങളിൽ ടൈൽ പാകാതെയാണ് നിർമാണം പൂർത്തിയാക്കിയത്. വേലത്തുശ്ശേരിയിൽ മൂന്നിടങ്ങളിൽ ഉറവയെത്തുടർന്ന് ടാറിങ് തകർന്നു. സമീപത്തുതന്നെ വിള്ളലുമുണ്ടാകുന്നുമുണ്ട്. തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ബാക്കിഭാഗം കൂടി തകരും.
സംഭവം ശ്രദ്ധയിൽപെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. തകരാർ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട അസി. എൻജിനീയർ അറിയിച്ചു.
ശാസ്ത്രീയ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണ് റോഡ് തകരാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്തെ ടാറിങ് മാറ്റി ടൈൽ പാകണമെന്നും പലയിടങ്ങളിലും കലുങ്ക് നിർമാണം പൂർണമല്ലെന്നും പൊതുപ്രവർത്തകനായ ഹരി മണ്ണുമഠം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.