ഈരാറ്റുപേട്ട: കിഴക്കൻ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ മടിച്ച് അധികൃതർ. അപകടം പതിയിരിക്കുന്ന മാർമല, വേങ്ങത്താനം, കട്ടിക്കയം, അരുവിക്കച്ചാൽ, കോട്ടത്താവളം വെള്ളച്ചാട്ടങ്ങളിൽ എത്തുന്നവർക്ക് ഏതുസമയത്തും ഒരു പരിശോധനയും കൂടാതെ എത്തിച്ചേരാൻ കഴിയും എന്നതാണ് സ്ഥിതി.
സ്ഥലപരിചയമില്ലാത്ത യുവാക്കൾ വേണ്ടത്ര കരുതലുകൾ ഇല്ലാതെ വെള്ളത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.
ഇത് നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സുരക്ഷ ജീവനക്കാരനെ നിയമിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ, അപകടങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷ ചർച്ചകൾ സജീവമാവുകയും പിന്നീട് അത് വിസ്മരിക്കപ്പെടുകയുമാണ്.
മൂന്നുവർഷത്തിനിടെ ഇരുപതിലധികം അപകട മരണങ്ങളാണ് മാർമല അരുവിയിൽ മാത്രം നടന്നത്.
മറ്റു പ്രദേശങ്ങളിൽ വേറെയും. കഴിഞ്ഞ തിങ്കളാഴ്ച മൂന്നിലവ് കടവുപുഴയിൽ ഫോർട്ട്കൊച്ചി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിരുന്നു.
തടാകത്തിൽ നീന്തി പരിചയം ഇല്ലാത്തവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ശക്തമായ വെള്ളച്ചാട്ടത്തെ തുടർന്ന് പാറ കുഴിഞ്ഞു രൂപപ്പെടുന്നതാണ് തടാകം. 30 അടി താഴ്ചവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിൽ ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.
പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താൻ അറിയാത്തവരിൽ അസ്വസ്ഥത ഉളവാക്കും. ശക്തമായ തണുപ്പിൽ കൈകാലുകൾ കോച്ചിപ്പിടിക്കുന്നതും കൈകുഴയുന്നതും അപകടത്തിന് കാരണമാകും.
മനോഹാരിതക്കൊപ്പം അപകടക്കെണിയുമായി നിരവധി അരുവികൾ ഈരാറ്റുപേട്ടയുടെ കിഴക്കൻ മലയോര മേഖലയിലുണ്ട്. ഇവിടങ്ങളിൽ അവധിദിവസങ്ങളിൽ വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.