ഈരാറ്റുപേട്ട: ശബരിമല സീസൺ പ്രമാണിച്ച് ബസുകൾ പമ്പയിലേക്ക് മാറ്റുന്നതോടെ മലയോര മേഖലയായ ഈരാറ്റുപേട്ടയിൽ സർവിസുകൾ റദ്ദാക്കി തുടങ്ങി. പമ്പ സർവിസിനായി നാല് ബസുകൾ മാറ്റിയതോടെ ഈരാറ്റുപേട്ടയിൽ നാല് ഷെഡ്യൂളുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. രാവിലെ ആറിന് പുറപ്പെടുന്ന ഈരാറ്റുപേട്ട - കോട്ടയം ഫാസ്റ്റ് സർവിസുംഅടിവാരം, മെഡിസിറ്റി, മെഡിക്കൽ കോളജ് ഓർഡിനറി സർവിസുകളുമാണ് റദ്ദാക്കിയത്.
ശബരിമല തിരക്ക് വർധിക്കുന്നതോടെ കൂടുതൽ ബസുകൾ പിൻവലിക്കും. അതോടെ സർവിസ് റദ്ദാക്കലുകളും വർധിക്കും. കോവിഡ് കാലത്ത് കൊണ്ടുപോയ ഇരുപതിലധികം ഓർഡിനറി ബസുകളിൽ ഒന്നുപോലും തിരികെ ലഭിച്ചിട്ടില്ല. ഫാസ്റ്റ് ബസ്സുകൾ പമ്പയിലേക്ക് മാറ്റുന്ന മുറക്ക് പകരം ഓർഡിനറി ബസുകൾ ലഭ്യമായാൽ ഈരാറ്റുപേട്ട - കോട്ടയം റൂട്ടിൽ ഉൾപ്പെടെ ലിമിറ്റഡ് ഓർഡിനറി സർവിസുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയും. അല്ലാത്തപക്ഷം പമ്പ സർവിസ് തീരുന്നത് വരെ ഈരാറ്റുപേട്ടയിലേക്കും പരിസര പ്രദേശങ്ങളിലേക്കും രൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെടും.
കഴിഞ്ഞ ദിവസം പമ്പ സർവിസിനായി തകരാർ പരിഹരിച്ച് പണി പൂർത്തിയാക്കാൻ ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് ദിവസങ്ങളോളം ഡിപ്പോയിൽ പിടിച്ചിട്ടിരുന്നു. എന്നാൽ സ്പെഷ്യൽ സർവീസിനായി കോട്ടയത്തേക്ക് അയച്ചുവെങ്കിലും തകരാർ പരിഹരിച്ചില്ലെന്ന് കാണിച്ച് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തന്നെ തിരിച്ചയച്ചു. ദിവസങ്ങളോളം സർവിസ് മുടക്കിയതും പിന്നീട് തിരിച്ചയച്ചതുമെല്ലാം അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.