ഈരാറ്റുപേട്ട: നഗരസഭയിലും മലയോര പഞ്ചായത്തുകളിലും പനി വ്യാപകമാകുന്നു. വൈറൽപനിയും ഡെങ്കിപ്പനിയും മറ്റ് അനുബന്ധ രോഗങ്ങളും മലയോര മേഖലയിൽ വർധിച്ചിരിക്കുന്നതിനാൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മലയോര പഞ്ചായത്തുകളിൽ കുടുംബ ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണുള്ളത്.
ഉന്നതനിലവാരത്തിലുള്ള സർക്കാർ ആശുപത്രികളുടെ അഭാവം രോഗികളെ പ്രയാസത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരോട് അനാവശ്യ പരിശോധനകളും അമിത ബില്ലും ഈടാക്കുന്നതായി പരാതിയുണ്ട്.
പനിയും പകർച്ചവ്യാധികളും കലശലായതോടെ മലയോര പഞ്ചായത്തുകളിൽനിന്ന് 25 കിലോമീറ്ററുകൾ അകലെയുള്ള പാലാ ജനറൽ ആശുപത്രിയെയാണ് രോഗികൾ ആശ്രയിക്കുന്നത്. എന്നാൽ, പലപ്പോഴും ഇവിടെ കിടക്കകൾ ലഭ്യമല്ല. ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ.പിയിൽ ദിവസവും എത്തുന്നത് 400ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനിബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെയും വീടുകളിൽ വിശ്രമിക്കുന്നവരുടെയും കണക്ക് എടുത്താൽ ഇതിലും ഇരട്ടിയാണ്.
ഇവ ശ്രദ്ധിക്കുക:
അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ട, പ്ലാസ്റ്റിക് കവർ, മുട്ടത്തോട് എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകാൻ ഇടയാക്കും. ഈഡിസ് കൊതുകുകൾ പകൽ കടിക്കുന്നതിനാൽ ശരീരം മറയുംവിധം വസ്ത്രം ധരിക്കണം, സ്വയംചികിത്സ പാടില്ല, ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.