ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിയുടെ പേരിൽ (എച്ച്.ഡി.എസ്) അനധികൃത നിയമനത്തിന് ശ്രമം നടക്കുന്നതായി ആക്ഷേപം. നോൺ ക്ലിനിക്കൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാൻ ആരോഗ്യസുരക്ഷ പദ്ധതി അധികൃതർ കർശനനിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഭരണകക്ഷി അനുകൂലികളെ വികസന സമിതിക്കു കീഴിൽ കുത്തിനിറക്കാനാണ് ശ്രമം.
പത്തു വർഷമെങ്കിലും വികസന സമിതിയുടെ കീഴിൽ തൊഴിലെടുത്ത ജീവനക്കാരെ സ്ഥിരനിയമനത്തിന് പരിഗണിക്കുന്നതിന് പകരം ഒന്നും രണ്ടുംവർഷം വരെ കാസ്പ് പദ്ധതിയിലും ജില്ല മിഷന്റെ കീഴിലും ജോലി എടുത്ത അറുപതോളം ജീവനക്കാരെയാണ് സ്ഥിരനിയമനത്തിന് പരിഗണിക്കുന്നത്. വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ ആശുപത്രി പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് അനധികൃത നിയമനത്തിന് നീക്കം നടക്കുന്നത്. ജില്ല മിഷനിലെ ക്രിമിനൽ പശ്ചാത്തലം ഉള്ള ജീവനക്കാരാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് ആരോപണമുണ്ട്. ജോലി ലഭിക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഈ നടപടി.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നിയമന നടപടികളുമായി മുന്നോട്ട് പോകില്ല എന്ന് അധികൃതർ വാക്കാൽ പറഞ്ഞെങ്കിലും കടലാസ് പണികൾ നടക്കുന്നു എന്നാണ് വിവരം. ജില്ല മിഷൻ താത്കാലിക ജീവനക്കാരെ എച്ച്.ഡി.എസ് ഓഫിസിലടക്കം നിയമിച്ചുകൊണ്ടാണ് അധികൃതർ ഇത്തരം അഴിമതികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.