ഗാന്ധിനഗർ: സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ (എസ്.എം.ഇ) വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സ്ഥലംമാറ്റം. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും നടത്തിയ സമരത്തിനൊടുവിലാണ് കോളജ് അധികൃതരുടെ നടപടി.
ആരോപണങ്ങളില്‍ വിശദ അന്വേഷണം നടത്താനും തീരുമാനിച്ചു. സീന, റീനു എന്നു അധ്യാപകരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ മൂന്നിനാണ് തിരുവനന്തപുരം കല്ലുംപുറം ചാരുവിള ഷിബുവിന്റെ മകൻ പുത്തൻവീട്ടിൽ അജാസ് ഖാനെ (19) ആർപ്പൂക്കരയിലെ ഹോസ്റ്റലിൽനിന്ന് കാണാതായത്. പിറ്റേദിവസം കുടമാളൂർ പാലത്തിനുസമീപം ആറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒന്നാംവർഷ എം.എൽ.ടി വിദ്യാർഥിയായിരുന്ന അജാസ് ഖാൻ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക സമ്മർദം മൂലമാണെന്നും പരീക്ഷാസമയം കഴിയുന്നതിന് അരമണിക്കൂർമുമ്പേ വിദ്യാർഥിയിൽനിന്ന് ഉത്തരക്കടലാസ് ബലമായി പിടിച്ചുവാങ്ങിയെന്നും സഹപാഠികൾ ആരോപിക്കുന്നു. മരണശേഷം എസ്.എം.ഇ അധികൃതർ ആരും അജാസ് ഖാന്റെ വീട്ടുകാരെ ഫോണിൽപോലും ബന്ധപ്പെട്ടില്ലെന്നും പറയുന്നു.
സീന, റീനു എന്നീ അധ്യാപകരാണ് കുട്ടികളോട് ഏറെ മോശമായി പെരുമാറുന്നതെന്നും ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളും രക്ഷിതാക്കളും എസ്.എം.ഇ പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഹാജർ നൽകുന്നില്ല, നിത്യേന ഹാജർ രേഖപ്പെടുത്തുന്നില്ല, ചോദ്യംചെയ്യുന്ന വിദ്യാർഥികളുടെ തുടർന്നുള്ള ദിവസങ്ങളിലെ ഹാജർ നഷ്ടപ്പെടുത്തുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തുന്നു, അകാരണമായി ഇന്റേണൽ മാർക്ക് കുറക്കുന്നു, കുട്ടികളോട് അസഭ്യം പറയുന്നു, സർവകലാശാല പരീക്ഷകളിൽ കുട്ടികളെ വിലക്കുന്നു, കുട്ടികളുടെ പഠനനിലവാരവും മനോധൈര്യവും ദുർബലപ്പെടുത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അധ്യാപകർക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.
സമരം രക്ഷിതാവ് തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളായ ഗീത അജയൻ ഭരണങ്ങാനം, ജയരാജൻ ആലപ്പുഴ, റഫീഖ് കരുനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.