കോട്ടയം: താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കി തുടങ്ങി. ആദ്യഘട്ടമായി മാലിന്യത്തിലെ പ്ലാസ്റ്റിക്കാണ് ശേഖരിക്കുന്നത്. സ്വകാര്യ കമ്പനി നിയോഗിച്ച തൊഴിലാളികളാണ് വള്ളത്തിലെത്തി ഇവ ശേഖരിക്കുന്നത്. ഇത് പൂർണമായി നീക്കിയശേഷം തുണികളും മരത്തടികളും അടക്കമുള്ളവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കും.
മുൻകാലങ്ങളിൽ തടഞ്ഞുനിന്ന മാലിന്യശേഖരം തള്ളിവിടുകയായിരുന്നു പതിവ്. ഇത് മറ്റിടങ്ങളിൽ അടിഞ്ഞുകൂടുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണാൻ ഇത്തവണ വാരിമാറ്റാനാണ് തീരുമാനം. നദിയോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഇവ നിക്ഷേപിക്കും. ദുർഗന്ധം വമിക്കുന്നവ കുഴിച്ചുമൂടാനും തീരുമാനിച്ചിട്ടുണ്ട്.
ശനിയാഴ്ച നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യുന്നത്. വള്ളംകളി സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബിന്റെ സഹായത്തോടെയാണ് മാലിന്യനീക്കം. വള്ളങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനായി ആറ്റിൽ അടിഞ്ഞുകൂടിയ എക്കലും നീക്കം ചെയ്യുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ മാലിന്യം താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടുകയായിരുന്നു. ആദ്യം മുള അടക്കമുള്ളവയാണ് തടഞ്ഞുനിന്നത്. ഇതിലേക്ക് മറ്റ് മാലിന്യവും എത്തിയതോടെ വൻ കൂമ്പാരമായി മാറുകയായിരുന്നു. പ്രളയകാലത്ത് ഇതിൽ തടഞ്ഞുനിന്ന പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ളവ അന്തർസംസ്ഥാന തൊഴിലാളികൾ വിൽപനക്കായി ശേഖരിച്ചിരുന്നു.
മാസങ്ങളായി ആറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലത്തിന്റെ ബലക്ഷയത്തിനും ഇടയാക്കുമെന്ന് പരാതിയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.