സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ സുലൈഖ ബീവി, ഹവ്വ ബീവി എന്നിവരെ ആദരിച്ചപ്പോൾ

സ്വാതന്ത്ര്യദിനത്തിന്‍റെ ഓർമ്മകൾ പുതുതലമുറയുമായ് പങ്കുവെച്ച് സുലൈഖ ബീവിയും ഹവ്വാ ബീവിയും

കാഞ്ഞിരപ്പള്ളി: "പലരോടും നിനയാതെ ഒരു കാര്യം തുടങ്ങല്ല, പണം മോഹിച്ചൊരുത്തനെ ചതിച്ചീടല്ല..." - രണ്ടാം ക്ലാസ്സിൽ പഠിച്ച പാട്ട് ഓർത്തെടുത്ത് 94 വയസ്സുള്ള സുലൈഖ ബീവി പാടിയപ്പോൾ കേട്ടിരുന്ന കുട്ടികൾക്ക് കൗതുകം. കയ്യടിച്ച് പ്രോത്സാഹിപ്പിച്ച കുട്ടികൾക്കുള്ള ഉപദേശവും പാട്ടിലൂടെ തന്നെ സുലൈഖ നൽകി. "ഗുരുനാഥൻ അരുൾ ചെയ്താൽ എതിർവാക്കു പറയല്ല, മരണമുണ്ടെന്നൊരിക്കലും മറന്നീടല്ല, അജ്ഞരാം ജനങ്ങളോടൊത്തു നീ വസിക്കാതെ, പ്രജ്ഞരായുള്ളോരുടെ ചേർച്ചയുമുണ്ടാകണം''.

എട്ടര പതിറ്റാണ്ട് മുമ്പ് പഠിച്ച പാട്ടുകൾക്ക് പുറമേ പേട്ട ഗവ. എൽ.പി. സ്കൂളിൽ പഠിപ്പിച്ച അധ്യാപകരുടെ പേരുകൾ ഓർത്തെടുത്ത് പറഞ്ഞും സുലൈഖ കുട്ടികളെ കയ്യിലെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി. സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് പാട്ടും സ്വാതന്ത്ര്യദിന ഓർമകളുമൊക്കെ സുലൈഖ പങ്കുവെച്ചത്. തന്‍റെ പതിനാറാം വയസ്സിൽ ഇന്ത്യ സ്വതന്ത്രമായ ദിവസം നടന്ന ആഘോഷങ്ങളെ കുറിച്ചും സുലൈഖ ഓർത്തെടുത്തു.

സ്വാതന്ത്ര്യദിനത്തിന് സാക്ഷ്യം വഹിച്ചവരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് മങ്കാശ്ശേരി കുടുംബാംഗങ്ങളായ സുലൈഖ ബീവിയും സഹോദരി ഹവ്വാ ബീവിയും (87) സ്കൂളിലെത്തിയത്. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ഇമാം ഷിഫാർ മൗലവി മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് യൂനുസ് മേലേത്തെക്കേതിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ദീപ യു. നായർ സ്വാഗതവും അധ്യാപിക നജ്മി കരീം നന്ദിയും പറഞ്ഞു.

Tags:    
News Summary - independence day memmories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.