പാലാ: നാലുവർഷം പിന്നിട്ടിട്ടും തുറന്നുനൽകാതെ പാലാ സിവിൽ സ്റ്റേഷൻ വളപ്പിലെ പൊതുശൗചാലയം. 2019 ഒക്ടോബറിലാണ് ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, ഇത് കാടുകയറിയ നിലയിലാണ്. സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്കാണ് പാർക്കിങ് ഗ്രൗണ്ടിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിച്ചത്. അഞ്ച് മുറിയുള്ള ശൗചാലയം ഇതുവരെ ഒരു ദിവസംപോലും പ്രവർത്തിച്ചിട്ടില്ല. വാട്ടർ അതോറിറ്റി കണക്ഷൻ നൽകാത്തതാണ് തടസ്സമെന്നാണ് നഗരസഭ പറയുന്നത്. ഇതിനെച്ചൊല്ലി നഗരസഭയും ജലഅതോറിറ്റിയും തമ്മിൽ തർക്കവും നിലനിൽക്കുണ്ട്.
പൗരസമിതി പ്രവർത്തകരടക്കം നിരവധി തവണ ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. അടുത്തിടെ നഗരസഭ അധ്യക്ഷ വിഷയത്തിൽ ഇടപെടുകയും ആരോഗ്യസ്ഥിരം സമിതി ചെയർമാനെ പ്രശ്നപരിഹാരത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും, പുരോഗതിയൊന്നുമില്ല.
കെട്ടിടം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമാണ്. ക്ലോസറ്റുകളും കോൺക്രീറ്റ് നിർമിതികളും സാമൂഹിക വിരുദ്ധർ തകർത്ത അവസ്ഥയിലാണ്. കതകുകളും നശിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലും രജിസ്ട്രാർ ഓഫിസിലും എത്തുന്നത്. പ്രാഥമിക കാര്യങ്ങൾക്ക് സൗകര്യമില്ലാത്തത് വലക്കുകയാണ്. ഇതിനിടെയാണ് എല്ലാസൗകര്യങ്ങളുമുള്ള ശൗചാലയം പൂട്ടിയിട്ട് അധികൃതർ നശിപ്പിക്കുന്നത്. ഇത് തുറന്നുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈമാസം 19ന് നഗരസഭക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും പൗരസമിതി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.