പാലാ: നഗരത്തിലെ നടപ്പാതകൾ കൈയേറിയുള്ള വാഹനങ്ങളുടെ പാർക്കിങ് കാൽനടക്കാർക്ക് ദുരിതമാകുന്നു. ചില വാഹനങ്ങൾ രാവിലെ മുതൽ രാത്രി വൈകി വരെ നഗരത്തിലെ പലയിടങ്ങളിൽ നടപ്പാതകൾ കൈയേറി സ്ഥിരമായി പാർക്ക് ചെയ്യുകയാണ്. ഈരാറ്റുപേട്ട റൂട്ടിൽ മഹാറാണി കവല മുതൽ ചെത്തിമറ്റം വരെ ഇരുവശത്തും നടപ്പാതകൾ സ്ഥിരം പാർക്കിങ് കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്.
വീതികുറഞ്ഞ നഗരത്തിലെ ചെറിയ റോഡുകളിലും അനധികൃത പാർക്കിങ്ങും കാൽനടക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു. ഇതുമൂലം മിക്കയിടങ്ങളിലും റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവർ. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾസമയത്ത് വിദ്യാർഥികളും വലയുന്നുണ്ട്. വിവിധ സ്ഥാപനങ്ങളും നടപ്പാത കൈയേറി തങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
റോഡരികുകൾ കൈയേറുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നഗരത്തിൽ രണ്ടുമണിക്കൂറിൽ കൂടുതൽ ഒരേസ്ഥലത്ത് പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപ്പാത കൈയേറിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ജസ്റ്റിൻ ജോർജ്, ബിനു പെരുമന, ജോബി മാത്യു, കെ.ആർ. വിഷ്ണു, അമൽ ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.