പാലാ: റേഷൻ കടയിൽ പരിശോധനക്കെത്തിയ റേഷനിങ് ഇൻസ്പെക്ടറെ മർദിച്ചയാൾ അറസ്റ്റിൽ. മുത്തോലി പുലിയന്നൂർ തുണ്ടത്തിൽ രാധാകൃഷ്ണനെയാണ് (50) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മൂത്തോലി 300ാം നമ്പർ റേഷൻ കടയിലാണ് സംഭവം.
ഈ റേഷൻ കടയിൽ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന രാധാകൃഷ്ണന്റെ പരാതിപ്രകാരമാണ് മീനച്ചിൽ സിവിൽ സപ്ലൈസ് ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ ശ്യാം പരിശോധനക്ക് എത്തിയത്. എന്നാൽ, കടയിൽ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. ഇതേ തുടർന്ന് വീട്ടിലാണ് സാധനങ്ങൾ പൂഴ്ത്തി വെച്ചിരിക്കുന്നതെന്ന് കടയുടമയുടെ അയൽവാസികൂടിയായ രാധാകൃഷ്ണൻ അറിയിച്ചു.
ഇതുപ്രകാരം റവന്യൂ, പൊലീസ് അധികൃതരെ വരുത്തി ഇവരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും അവിടെയും ഒന്നും കണ്ടെത്തിയില്ല.
ഇതനുസരിച്ച് റിപ്പോർട്ട് തയാറാക്കി തിരികെ പോകുന്നതിനിടെയാണ് രാധാകൃഷ്ണൻ ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മർദിച്ചത്. മർദനമേറ്റ ഉദ്യോഗസ്ഥൻ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് രാധാകൃഷ്ണനെ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.