പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ അട്ടിക്കൽ കവലിൽ ശബരിമല തീർഥാടകരുടെ ടൂറിസ്റ്റ് ബസ് കടകൾ ഇടിച്ചുതകർത്തു. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. കർണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ദർശനത്തിനു പോകുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ടെത്തിയ ബസ് പാതയോരത്തെ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്ത ശേഷം പ്രദേശത്തെ അഞ്ചോളം കടകളുടെ മുൻഭാഗം ഇടിച്ചു തകർക്കുകയും പിന്നീട് പരസ്യബോർഡിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഭക്തർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പുലർച്ചയായതിനാൽ റോഡിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ലൈനുകളും പൊട്ടിവീണു. ഇതുമൂലം മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
എം.എം ഫ്രൂട്ട്സ്, ജിത്തു സ്റ്റോഴ്സ്, ഇമേജ് ജെന്റ്സ് ബ്യൂട്ടിപാർലർ, റോയൽ അപ് ഹോൾസ്റ്ററി വർക്സ് എന്നീ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടമുണ്ടായത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. തീർഥാടകരെ മറ്റൊരു വാഹനത്തിൽ ദർശനത്തിന് അയച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.