മീനച്ചിൽ: പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഗ്രാമസഹായി സ്വയംസഹായ സംഘത്തിനോട് പഞ്ചായത്ത് അധികൃതർ കടുത്ത അവഗണന കാണിക്കുന്നതായി ആരോപണം. വിവിധ വാർഡുകളിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരുടെ സംഘടന 10 മാസം മുമ്പാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.
സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്വയംതൊഴിൽ മേഖല ത്വരിതപ്പെടുത്തുന്നതിനായും പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിലെ ഒരു മുറി അനുവദിച്ച് തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയാണ്. ഫെഡറേഷൻ ഓഫ് ഡിഫ്രണ്ട്ലി ഏബിൾഡ് (എഫ്.ഡി.എ) മീനച്ചിൽ പഞ്ചായത്ത് യൂനിറ്റിന്റെ നേതൃത്വത്തിലും ഇതേ ആവശ്യം മുന്നോട്ടുവെച്ചെങ്കിലും ഇതും പരിഗണിച്ചിട്ടില്ല. പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ സൂചനാസമരവും നടത്തിയിരുന്നു.
അടുത്തിടെ സംഘം ആവശ്യപ്പെട്ട കെട്ടിടത്തിന്റെ താഴത്തെ മുറികൾ ജനകീയഹോട്ടലിന് പഞ്ചായത്ത് വിട്ടുനൽകി.നിലവിൽ ഹോട്ടൽ പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കാനാണെന്ന് പറഞ്ഞാണ് ഹോട്ടൽ മാറ്റിയത്. എന്നാൽ, പഴയകെട്ടിടത്തിൽ കുടുംബശ്രീ ഹോട്ടലിന് പഞ്ചായത്ത് അനുമതി നൽകിയിരിക്കുകയാണ്. ഭിന്നശേഷിക്കാരായ തങ്ങൾക്ക് മുറി വിട്ടുനൽകാതിരിക്കാൻ അധികൃതർ കാട്ടിക്കൂട്ടിയ നാടകമാണിതെന്നും ഗ്രാമസഹായി സ്വയംസഹായ സംഘം ആരോപിച്ചു.
പഞ്ചായത്ത് അധികാരികൾ ഭിന്നശേഷിക്കാരായ തങ്ങളെയും മനുഷ്യരായി കണക്കാക്കണമെന്ന് സംഘം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശനീതിനിഷേധത്തിന് എതിരെ തിങ്കളാഴ്ച മുതൽ പഞ്ചായത്ത് പടിക്കൽ എഫ്.ഡി.എയും ഗ്രാമസഹായി സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് കെ.പി. ഭവാനി, സെക്രട്ടറി പി.സി. രാജു, കൺവീനർ ദീപക് മാത്യു, പി.ടി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.