ചട്ടങ്ങൾ കാറ്റിൽപറത്തി സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ ജോലി ക്രമീകരണം

വെള്ളിമാട്കുന്ന്: ഉത്തരവ് മറികടന്നുള്ള, ഇഷ്ടത്തിനനുസരിച്ചുള്ള ജോലിസമയ ക്രമീകരണം സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെയും വനിത-ശിശുക്ഷേമ വകുപ്പിന്റെയും കീഴിൽ വെള്ളിമാട്കുന്നിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങളിലെ ചില സൂപ്രണ്ടുമാരുടെയും ജീവനക്കാരുടെയും ജോലിസമയത്തിലെ ഒത്തുകളിയാണ് അന്തേവാസികളുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നത്. ഒരുദിവസം ജീവനക്കാർ ഒരു ഡ്യൂട്ടി മാത്രമേ എടുക്കാവൂവെന്ന ഉത്തരവ് ഇവിടത്തെ പല ജീവനക്കാർക്കും ബാധകമല്ല. സൂപ്രണ്ടുമാരുടെ ഒത്താശയോടെ രജിസ്റ്ററുകളിൽ ക്രമക്കേടുകൾ വരുത്തിയാണ് പല ജീവനക്കാരും ജോലിചെയ്യുന്നത്. ഇത് ജീവനക്കാർക്കിടയിൽതന്നെ മുറുമുറുപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഒന്നും രണ്ടും ദിവസം അടുപ്പിച്ചുള്ള സമയങ്ങളിൽ ഡ്യൂട്ടിചെയ്ത് കഴിഞ്ഞുപോയാൽ പിന്നെ ജീവനക്കാർ വരുന്നത് മൂന്നും നാലു ദിവസം കഴിഞ്ഞാണ്. ഇതിനെ ചോദ്യം ചെയ്യാനോ അനുവദിക്കുന്ന സമയങ്ങളിൽ മാത്രം ജോലിചെയ്യാനോ സൂപ്രണ്ടുമാർ ജീവനക്കാരെ നിർബന്ധിക്കുന്നില്ല​ത്രേ. ബാലമന്ദിരങ്ങളിലെ കുട്ടികളെ നോക്കാൻ ഉത്തരവാദിത്തമുള്ള ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ ചിലരാണ് തുടർച്ചയായി ഡ്യൂട്ടിയിൽ ക്രമക്കേട് കാണിക്കുന്നത്. അവധി ദിവസങ്ങളായാൽ ഡ്യൂട്ടിയിൽ ജീവനക്കാർ ആരും ഉണ്ടാവാത്ത അവസ്ഥയാണ്. പേരിന് ലീവ് അപേക്ഷ എഴുതിവെക്കുകയും ആക്ഷേപമില്ലാതിരുന്നാൽ അടുത്ത ദിവസം വന്ന് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്യുകയാണിവർ. ശനി, ഞായർ ദിവസങ്ങളിൽ ദിവസവേതനത്തിന് ജോലിചെയ്യുന്ന ജീവനക്കാരെ പകരംനിർത്തി സ്ഥിരം ജീവനക്കാർ വരാതിരിക്കും. ജീവനക്കാരുടെ ഒത്തുകളി മനസ്സിലാക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ മേലധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്ഥാപനത്തിൽ സമയാസമയങ്ങളിൽ കൃത്യമായ പരിശോധനകളും നടക്കുന്നില്ല. ഒരുമാസം മുമ്പ് രാത്രി എട്ടിന് ഒബ്സർവേഷൻ ഹോമിലേക്ക് ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് ലഹരി വസ്തുവെന്ന് സംശയിക്കുന്ന സാധനം കൈമാറാൻ ശ്രമിക്കുന്നതിനി​ടെ വാച്ച്മാൻ തടയാൻ ശ്രമിച്ചെങ്കിലും വാച്ച്മാനെ തള്ളിയിട്ട് ഇയാൾ കടന്നുകളഞ്ഞ സംഭവമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.