മഴ: മുന്നൊരുക്കങ്ങൾ ഊർജിതമാക്കണം -റവന്യൂ മ​ന്ത്രി

കോഴിക്കോട്​: മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ്തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്നും താഴെത്തട്ടിലേക്ക് എത്തുംവിധം പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. മഴയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്റ്റ് ഒമ്പതുവരെ വ്യാപക മഴക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കണം. മുൻവർഷങ്ങളിലെ പ്രളയങ്ങളെ രൂപരേഖയായെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. തുടർച്ചയായി മഴപെയ്യുന്ന സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അടിയന്തര ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു. വളർത്തുമൃഗങ്ങളെക്കൂടി ഒഴിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റാൻ ഉദ്ദേശിക്കുന്ന മൃഗങ്ങളുടെ പട്ടിക നേരത്തേ തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തിൽ തഹസിൽദാർമാർ താലൂക്കുകളിലെ സാഹചര്യങ്ങൾ വ്യക്തമാക്കി. അടിയന്തര സാഹചര്യം നേരിടാൻ ഏതുസമയവും പ്രവർത്തനം ആരംഭിക്കാവുന്ന രീതിയിൽ താമരശ്ശേരി താലൂക്കിൽ 46 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെന്നും മണ്ണിടിച്ചിൽഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആ പ്രദേശങ്ങളിൽനിന്ന് മാറ്റിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. കോഴിക്കോട് താലൂക്കിൽ അഞ്ച് ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ടെന്നും ഏതു സാഹചര്യത്തെ നേരിടാനും തയാറാണെന്നും തഹസിൽദാർ അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ നിലവിൽ രണ്ട് വില്ലേജുകളിലായി നാല് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 31 ക്യാമ്പുകൾ ആവശ്യമെങ്കിൽ തുടങ്ങാൻ സജ്ജമാണെന്ന് തഹസിൽദാർ അറിയിച്ചു. വടകരയിൽ ഒമ്പത് വില്ലേജുകളിലായി എട്ട് ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ അറിയിച്ചു. 139 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 100 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ അലർട്ട് സംവിധാനങ്ങൾ ഒരുക്കണമെന്നും കൂടുതൽ ശക്തമാക്കണമെന്നും കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. ദേശീയപാതയിൽ കുഴികളുള്ള സ്ഥലങ്ങളുടെ പട്ടിക നൽകാൻ കലക്ടർ നിർദേശം നൽകി. സബ് കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ആർ.ഡി.ഒ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.