കോഴിക്കോട്: ആവിക്കൽ തോടിന്റെ അഴിമുഖത്ത് കടലിൽ മണ്ണ് അടിഞ്ഞുകൂടി വെള്ളപ്പൊക്കമുണ്ടാവുന്നതിന് പരിഹാരമായുള്ള എറണാകളും ചെല്ലാനം മോഡൽ ടെട്രാപോഡ് നിർമാണം ആരംഭിച്ചു. മഴക്കാലത്തടക്കം അടിക്കടി മണ്ണു നീക്കി ഒഴുക്ക് സുഗമമാക്കേണ്ട അവസ്ഥയും തോട്ടിന്റെ അഴിമുഖത്ത് കടലാക്രമണം രൂക്ഷമാവുന്നതും തടയാനാണ് ഹാർബർ എൻജിനീയറിങ്ങ് വകുപ്പിന്റെ നേതൃത്വത്തിൽ 3.7 കോടിയുടെ പദ്ധതി.
30 മീറ്റർ നീളത്തിലാണ് സംവിധാനമൊരുക്കുന്നത്. ഇതിനായി കടലോരത്ത് പൈലിങ് ആരംഭിച്ചു. ആറുമാസത്തിനകം പണി തീർക്കുകയാണ് ലക്ഷ്യം. തോടിന്റെ ഇരു ഭാഗത്തും കടലിലേക്ക് പുലിമുട്ട് മാതൃകയിൽ കല്ലിട്ടെങ്കിലും അവ മണ്ണിലമർന്ന് വീണ്ടും മണൽ അടിയുന്നത് തുടർന്നതിനാലാണ് ചെല്ലാനം മോഡൽ പദ്ധതി ആവിഷ്കരിച്ചത്. നാലുവശത്തേക്കും കാലുകളുള്ള നക്ഷത്ര ആകൃതിയിലുള്ള കോൺക്രീറ്റിൽ തീർത്ത കൃത്രിമക്കല്ലുകൾ, കരിങ്കല്ലുകൾക്ക് പകരം നിരത്തുന്നതാണ് രീതി. ആവിക്കൽത്തോടിലെ ചളിനീക്കിയതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഭിത്തി നിർമാണം.
മണ്ണടിച്ചിൽ തടഞ്ഞ് ഒഴുക്ക് സുഗമമാക്കാനും അതുവഴി പ്രദേശത്ത് വെള്ളം കയറുന്നത് ഒഴിവാക്കാനും പരീക്ഷണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 12 മീറ്റർ ആഴത്തിലാണ് പൈലിങ് നടത്തുന്നത്. ആവിക്കൽതോടിൽ ആകെ അഞ്ചുകോടിയുടെ നവീകരണപ്രവർത്തനങ്ങളിൽ ആഴംകൂട്ടി നവീകരിക്കുന്നതിനും മറ്റുമായി 1.3 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ചെല്ലാനം മോഡൽ കടൽ ഭിത്തി.
തോടിന്റെ പാർശ്വഭിത്തിയും കെട്ടുന്നുണ്ട്. ആവിക്കൽ തോട് നവീകരണത്തിന്റെ ഭാഗമായുള്ള മാലിന്യം നീക്കൽ പൂർത്തിയായശേഷം തോടിന്റെ അരികുകെട്ടലും നടത്തിയിരുന്നു. വെള്ളത്തിൽ ബാർജ് ഉപയോഗിച്ചുള്ള വൃത്തിയാക്കലും മറ്റും നേരത്തേ പൂർത്തിയാക്കിയിരുന്നു. തിരയടിച്ചുകയറി തോടിന്റെ കടലിലേക്കുള്ള ഭാഗം മണ്ണുവീണ് അടയുന്നത് സ്ഥിരമാണ്. കറുത്ത ചളി നിറഞ്ഞ മാലിന്യമാണ് ഈ ഭാഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.