ശ്രീകണ്ഠപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിനുമുന്നിലെത്തി ദേഹത്ത് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. മലപ്പട്ടം കൊളന്ത സ്വദേശിയും കാവുമ്പായിയില്‍ താമസക്കാരനുമായ പണ്ണേരി ലെജിനാണ് (22) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നടുവിലിനടുത്ത കണ്ണാടിപ്പാറ താഴെ വിളക്കന്നൂരിലെ 18കാരിയുടെ വീടിന് സമീപത്തെ റബർ തോട്ടത്തില്‍വെച്ചാണ് ലെജിൻ ദേഹത്ത് തീകൊളുത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാല്‍ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.
അഗ്നിരക്ഷസേനയുടെ സിവില്‍ ഡിഫന്‍സ് വളന്റിയറായി ലെജിന്‍ സേവനമനുഷ്ഠിച്ചിരുന്നു. കോവിഡ് വളന്റിയറുമായിരുന്നു. വാക്‌സിനേഷന്‍ സമയത്ത് ആശുപത്രിയില്‍ വെച്ചാണ് ലെജിന്‍ 18കാരിയുമായി പരിചയപ്പെട്ടത്. വിവാഹക്കാര്യം ലെജിന്‍ സ്വന്തംവീട്ടില്‍ അറിയിച്ചപ്പോള്‍ സഹോദരിയുടെ വിവാഹം കഴിഞ്ഞശേഷം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ലെജിന്‍ മറ്റൊരു മതക്കാരനായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു. യുവതിയുടെ സഹോദരന്‍ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തുവെന്നും പറയുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കത്ത് ലെജിന്‍ വീട്ടില്‍ എഴുതിവെച്ചിരുന്നു. വീട്ടുകാര്‍ കത്ത് പൊലീസിന് കൈമാറി. രണ്ടുദിവസമായി യുവാവിനെ പെണ്‍കുട്ടിയുടെ വീടിനുസമീപം പലരും കണ്ടിരുന്നു. ദേഹത്ത് തീകൊളുത്തുന്നതിന് മുമ്പ് ഇക്കാര്യം ലെജിന്‍ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. ലെജിന്‍ തീകൊളുത്തുന്നതുകണ്ട് ബോധംകെട്ടുവീണ പെണ്‍കുട്ടിക്ക് ഒടുവള്ളി ആശുപത്രിയില്‍ ചികിത്സ നല്‍കി. ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാറും എ.എസ്.ഐ സിദ്ദീഖും മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ലക്ഷ്മണന്‍-സിജി ദമ്പതികളുടെ മകനാണ് ലെജിന്‍. സഹോദരി: ലിമിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.