പന്തീരാങ്കാവ്: പെരുമണ്ണ ചാലിയാർ ഇക്കോ ടൂറിസത്തിന് ഒരു കോടിയുടെ പദ്ധതിയൊരുങ്ങുന്നു. പുഴയോരത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര വികസനത്തിനായി സർക്കാറിന് സമർപ്പിച്ച അഞ്ച് കോടിയുടെ ‘ചാലിയാർ ഇക്കോ - ടൂറിസം’ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചത്. ടൂറിസം വകുപ്പിന്റെ 50 ലക്ഷവും ബാക്കി 50 ലക്ഷം ഗ്രാമപഞ്ചായത്ത് സമാഹരിച്ചുമാണ് പദ്ധതി നടപ്പാക്കേണ്ടത്.
പുഴയോര സംരക്ഷണം, കട്ട വിരിക്കൽ, ബോട്ട്ജെട്ടി നിർമാണം, ചെടികളും സസ്യങ്ങളും വളർത്തി പരിപാലിക്കൽ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്. കയാക്കിങ്, വയോജന പാർക്ക്, മത്സ്യബന്ധന സൗകര്യം തുടങ്ങിയവ സ്ഥാപിക്കുന്നുണ്ട്.
പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പുഴയുടെയും തീരത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്ത് നേരത്തേ സമർപ്പിച്ച നിർദേശങ്ങൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.
വെള്ളായിക്കോട് പുറ്റേക്കടവ് റോഡിന് സമാന്തരമായി ചാലിയാർ തീരത്തെ സൗന്ദര്യവും സൗകര്യങ്ങളുമുപയോഗിച്ച് നടപ്പാക്കാവുന്ന നിർദേശങ്ങളാണ് ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്തിന്റെ നേതൃത്വത്തിൽ സമർപ്പിച്ചിരുന്നത്. സന്ദർശകർക്ക് ആസ്വദിക്കാവുന്ന രീതിയിൽ അര കിലോമീറ്ററോളം ദൂരത്തിൽ പുഴയോരവും ഇരു കരകളും ചാലിയാറിലെ മണൽ തിട്ടയും പുറമ്പോക്ക് ഭൂമിയും ഉപയോഗിച്ച് എട്ടിന പരിസ്ഥിതി സൗഹൃദ, ഉത്തരവാദിത്വ ടൂറിസം പദ്ധതികളാണ് സമർപ്പിച്ചത്.
തദ്ദേശീയർക്ക് ജോലി സാധ്യതയും പ്രദേശത്തിന്റെ വികസനവും പ്രതീക്ഷിക്കുന്ന പദ്ധതികൾക്കാണ് ഇപ്പോൾ സർക്കാറിന്റെ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.