കോഴിക്കോട്: കൗൺസിൽ നടപടി കാരണം സർക്കാറിന് നഷ്ടമുണ്ടാക്കിയതിന് ജന പ്രതിനിധികളിൽനിന്ന് പണം ഈടാക്കാൻ നിർദേശം. കോഴിക്കോട് കോർപറേഷന്റെ 2016-17 കാലത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ കോർപറേഷൻ ഫണ്ടിൽനിന്ന് 2,5245471 രൂപ നഷ്ടപ്പെട്ടതിനാണ് അന്ന് കോർപറേഷൻ കൗൺസിലർമാരായിരുന്ന 75 പേരിൽനിന്നും രണ്ട് സെക്രട്ടറിമാരിൽനിന്നും തുല്യ സംഖ്യ വീതം ഈടാക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരമാണ് അക്കാലത്തെ കൗൺസിലർമാർക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ സർച്ചാജ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഓരോ കൗൺസിലറും 3,27,863 രൂപ വീതം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. രണ്ട് മാസത്തിനകം പണം നൽകണമെന്നാണ് നിർദേശം. ജനപ്രതിനിധി സഭയുടെ തീരുമാനത്തിന് അംഗങ്ങളിൽനിന്ന് പണം ഈടാക്കുന്നത് അപൂർവമാണ്.
ഞെളിയൻ പറമ്പിൽ നിർമാണ പ്രവൃത്തികൾ നടത്തിയതിന് 3,09,85,355 രൂപയുടെ കോർപറേഷൻ കരാറാണ് നടപടിയിലേക്ക് നീങ്ങിയത്. 38.88 ശതമാനം അധിക നിരക്കിൽ ഒമ്പത് മാസ കാലാവധിവെച്ച് 98ൽ കരാറുണ്ടാക്കിയെങ്കിലും പണി തീർന്നത് 2003 ജനുവരിയിലാണ്. 2004ൽ കരാറുകാരൻ ഫൈനൽ ബിൽ നൽകി. പണി നടക്കവെ 99ൽ പുതുക്കിയ നിരക്ക് വന്നതിനാൽ അത് വെച്ച് പണം നൽകാൻ കരാറുകാരൻ നൽകിയ അപേക്ഷ കൗൺസിൽ നിരസിച്ചു.
ഇതിനെതിരെ മൂന്നാം അഡീഷനൽ ജില്ല കോടതിയിൽനിന്ന് കരാറുകാരൻ 2.40 കോടിയും പലിശയുമടക്കം നൽകാനുള്ള വിധി സമ്പാദിച്ചു. നഗരസഭ ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ വിധിച്ച തുകയുടെ ബാങ്ക് ഗാരന്റി കീഴ്കോടതിയിൽ കെട്ടിവെച്ചാൽ മതിയെന്ന് ഉത്തരവായി. പിന്നീട് അഞ്ച് പ്രാവശ്യമായി 10 മാസത്തിനകം ബാങ്ക് ഗാരന്റി കെട്ടിവെക്കാനായി കാലാവധി കോടതി നീട്ടി നൽകി. എന്നിട്ടും നഗരസഭ പണം നൽകാത്തതോടെ മീഡിയേഷനിലൂടെ ഒത്തുതീർക്കാൻ ഹൈകോടതി നിർദേശം നൽകി. ഇത് പരിഗണിച്ച് ഒത്തുതീർപ്പ് ഭാഗമായി 2015 ഡിസംബർ 14ന് കൗൺസിൽ 4.92 കോടി നൽകാൻ തീരുമാനമെടുത്തതാണ് ഓഡിറ്റ് പരാമർശത്തിനിടയാക്കിയത്.
നഗരസഭയുടെ രണ്ട് അക്കൗണ്ടിൽ ആവശ്യമായ തുകയുണ്ടായിട്ടും, സ്ഥിര നിക്ഷേപത്തിന്റെ ഈടിന്മേലോ നഗരസഭയുടെ ആസ്തി പണയം വെച്ചോ പണമെടുത്ത് ബാങ്ക് ഗാരന്റി നൽകാമായിരുന്നിട്ടും അതൊന്നും ചെയ്യാതെ നീട്ടിക്കൊണ്ട് പോയത് തെറ്റാണ്. ഇങ്ങനെ നഗരസഭയുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തി കരാറുകാരന് 4.92 കോടി നൽകാൻ തീരുമാനമെടുത്തതിനും ബാങ്ക് ഗാരന്റി സമയത്തിന് നൽകാതെ കരാറുകാരന് 2.52 കോടിയിലേറെ അധികം നൽകേണ്ടി വന്നതിനും കൗൺസിലർമാർക്കും രണ്ട് സെക്രട്ടറിമാർക്കുമെതിരെ നടപടി വേണമെന്ന ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ അന്നത്തെ കൗൺസിലർമാർക്ക് നോട്ടീസ് നൽകിയത്. ഇതിൽ നിലവിലുള്ള കൗൺസിലർമാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.