പയ്യോളി: റെയിൽനിർമാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് - ഉരുക്ക് വസ്തുക്കൾ ഉൾപ്പെടെ റെയിൽവേയുടെ അധീനതയിൽ സൂക്ഷിക്കുന്ന സാധനങ്ങളുടെ വൻശേഖരം ആക്രിവിൽപനക്കാരുടെ ക്യാമ്പുകളിൽനിന്ന് കണ്ടെത്തി. സതേൺ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് നിന്നും ആർ.പി.എഫ് സി.ഐ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാവിലെ പയ്യോളിയിലെത്തി പരിശോധനയാരംഭിച്ചത്. സാധനങ്ങൾ നിരന്തരം കാണാതാകുന്നുവെന്ന റെയിൽവേ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ആർ.പി.എഫ് പരിശോധനക്കെത്തിയത്. സംശയത്തെ തുടർന്ന് ആക്രി ശേഖരിക്കുന്ന സംഘങ്ങൾ ഏതാനും ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു.
ആക്രികൾ സൂക്ഷിക്കുന്ന പയ്യോളി ബീച്ച് റോഡിലെ ലയൺസ് ക്ലബിന് മുൻവശമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തും പെരുമാൾപുരത്തെ മറ്റൊരു ക്യാമ്പിലുമാണ് പ്രധാനമായും സാധനങ്ങൾ കണ്ടെത്തിയത്. ബീച്ച് റോഡിലെ വാടക വീട്ടിൽനിന്ന് കാർഡ് ബോർഡിൽ പൊതിഞ്ഞ നിലയിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളുടെ ഇടയിൽനിന്നുമാണ് റെയിൽവേയുടെ സാധനങ്ങൾ കണ്ടെത്തിയത്. റെയിൽപാളത്തിന് ഉപയോഗിക്കുന്ന ഇ.ആർ ക്ലിപ്, റെയിൽപ്ലേറ്റ്, നട്ട്, ബോൾട്ട് എന്നിവയും കെ.എസ്.ഇ.ബിയുടെയും ബി.എസ്.എൻ.എല്ലിന്റേയുമെന്ന് കരുതുന്ന അലൂമിനിയം കമ്പി ഉൾപ്പെടെ വസ്തുക്കളുടെ ശേഖരമാണ് പ്രധാനമായും കണ്ടെത്തിയത്. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്തെ യാർഡിലാണ് റെയിൽവേ പ്രധാനമായും നിർമാണ സാമഗ്രികൾ സൂക്ഷിക്കാറുള്ളത്. എന്നാൽ, എത്ര രൂപയുടെ സാധനങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. സമീപത്തെ കൂടുതൽ ആക്രികേന്ദ്രങ്ങൾ കൂടി പരിശോധിക്കുമെന്ന് റെയിൽവേ സുരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.പി.എഫ് എസ്.ഐ ഷിനോജ്, ഇ.ടി. പവിത്രൻ, ഷമീർ, സജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.