കോഴിക്കോട്: കോർപറേഷന്റെ പുതിയ പദ്ധതിയിൽ കുടിവെള്ളം കുപ്പിയിലാക്കുന്ന പ്ലാന്റ് നിർമിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ തയാറാക്കാൻ താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനം. കുടുംബശ്രീക്കൊപ്പം ഈ പദ്ധതിയുമായി സഹകരിക്കാൻ തയാറുള്ള സ്ഥാപനങ്ങളെ കണ്ടെത്താനും തീരുമാനമായി. ഇതിനും ഉടൻ താല്പര്യ പത്രം ക്ഷണിക്കും.
ബോട്ട്ലിങ് യൂനിറ്റ് തുടങ്ങുന്നതിന് മുന്നോടിയായി താമരക്കുളത്തിലെ വെള്ളം കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്യൂ.ആർ.ഡി.എം) പരിശോധിച്ചതിൽ അനുകൂല റിപ്പോർട്ട് കിട്ടിക്കഴിഞ്ഞു. ഇതോടെ നഗരത്തിലെ ജലസ്രോതസ്സുകളിൽനിന്ന് വെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി മിതമായ നിലക്ക് നൽകി കോർപറേഷന്റെ സമഗ്ര തൊഴിൽദാന പദ്ധതിയായ വീലിഫ്റ്റിൽ ഉൾപ്പെടുത്തി കൂടുതലാളുകൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കോർപറേഷന്റെ പഴയ ഓഫിസ് സ്ഥലത്തുള്ള തീർഥം കുടിവെള്ള പദ്ധതിയിലൂടെ ഇപ്പോൾ ശുദ്ധജലം വിൽക്കുന്നുണ്ട്. 200 ജാർ വെള്ളം ദിവസം ഇവിടെനിന്ന് വിതരണം ചെയ്യുന്നതായാണ് കണക്ക്. പുതിയ പ്ലാന്റുകൾ വരുന്നതോടെ തെരുവുകച്ചവടം, കൂൾബാർ, ഹോട്ടൽ, ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം വിതരണം ചെയ്യാനാണ് ധാരണ.
കോർപറേഷന്റെ ജലസ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വെള്ളം ശേഖരിക്കാനുള്ള ചെലവ് ഗണ്യമായി കുറയും. പ്ലാന്റുകളിൽ വെള്ളം ശുദ്ധീകരിച്ച ശേഷമാവും കുപ്പികളിൽ നിറക്കുക. നഗരത്തിൽ താമരക്കുളം, നീലിച്ചിറ, മാനാഞ്ചിറ തുടങ്ങിയവയെല്ലാം ശുദ്ധജല സമൃദ്ധമാണ്.
പ്ലാന്റുകളോടനുബന്ധിച്ച് ലാബ് അടക്കമുള്ള സൗകര്യമുണ്ടാകും. വിലിഫ്റ്റ് പദ്ധതിവഴി പുതിയ തൊഴിൽ സാധ്യതകളെപ്പറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) പഠനം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു.
റിപ്പോർട്ട് പ്രകാരം ഭക്ഷ്യമേഖലയിൽ സ്ഥാപനങ്ങൾ തുടങ്ങാനാണ് കൂടുതലാളുകൾ താല്പര്യം പ്രകടിപ്പിച്ചത്. ആവശ്യമായ പരിശീലനവും വിപണനത്തിന് പ്രത്യേക ശ്രദ്ധയുമുണ്ടായാൽ ഭക്ഷ്യമേഖലയിലെ സംരംഭങ്ങൾ കോഴിക്കോട്ട് വിജയിക്കുമെന്നാണ് ഐ.ഐ.എം റിപ്പോർട്ടിലുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് കുടിവെള്ള പ്ലാന്റുണ്ടാക്കാൻ തീരുമാനമായത്.
കോർപറേഷന്റെ സ്വന്തം സമഗ്ര തൊഴിൽദാന പദ്ധതിയായ വീലിഫ്റ്റ് വഴി അഞ്ചുകൊല്ലം കൊണ്ട് 5000 പേർക്ക് തൊഴിലെന്ന ലക്ഷ്യത്തിലാണ് തുടങ്ങിയതെങ്കിലും ഒരു കൊല്ലം കൊണ്ട് തന്നെ ലക്ഷ്യത്തിലെത്തിയതായാണ് വിലയിരുത്തൽ. 4430 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കിയതായാണ് കണക്ക്. കഴിഞ്ഞ ഡിസംബർവരെ നഗരപരിധിയിൽ 1679 സംരംഭങ്ങൾ തുടങ്ങുകവഴി 135.48 കോടി രൂപയുടെ നിക്ഷേപമുണ്ടാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.