കോഴിക്കോട്: സഞ്ചാരികളേറെയെത്തുന്ന കടപ്പുറത്ത് നഗരത്തിന് നാണക്കേടുണ്ടാക്കി മലിനജലക്കടൽ. വടക്കേ കടൽപാലത്തിനു സമീപത്തേക്കാണ് നഗരത്തിലെ മാലിന്യം മുഴുവൻ ഒഴുകിയെത്തി തളംകെട്ടിനിൽക്കുന്നത്. ഓവുചാൽ മുഖം അടഞ്ഞതോടെ മാലിന്യം ഒഴുകിപ്പോകാനാവാതെ തങ്ങിക്കിടക്കുകയാണ്. മണൽ നീക്കി ഒഴുക്ക് സുഗമമാക്കാത്തതാണ് മുഖ്യപ്രശ്നം.
സഞ്ചാരികൾ കൂട്ടമായി കടലിലിറങ്ങുന്ന ഭാഗത്താണ് കടുത്ത ആരോഗ്യ പ്രശ്നമുയർത്തി മാലിന്യക്കെട്ട്. തുറന്ന സ്റ്റേജിലും ലൈറ്റ് ഹൗസിലും ഫുഡ്കോർട്ടിന് സമീപവുമെത്തുന്നവരുടെ മുന്നിലാണ് ദുർഗന്ധമുള്ള വെള്ളം നിറഞ്ഞുകിടക്കുന്നത്. കറുത്തിരുണ്ട വെള്ളത്തിൽ നിറയെ കൊതുക് കൂത്താടികളുമുണ്ട്. ബീച്ച് ജനറൽ ആശുപത്രി വഴിയെത്തുന്ന ഓടയാണ് കടലിലേക്ക് തുറന്നുവിടുന്നത്.
പണ്ടുമുതലേയുള്ള പതിവ് നിർത്താൻ പദ്ധതികൾ പലത് വന്നെങ്കിലും കടലിലേക്ക് വെള്ളമൊഴുക്കിവിടുന്നത് തടയാനുള്ള ശാശ്വത പരിഹാരമായില്ല. ബീച്ച് ആശുപത്രിക്കുള്ളിലേക്ക് നഗരത്തിന്‍റെ നാലു ഭാഗത്തുനിന്നും ഓടകൾ ഒഴുകിയെത്തുന്നു. നടക്കാവ്, വലിയങ്ങാടി, മൂന്നാലിങ്കൽ തുടങ്ങി നിരവധി വാർഡുകളിൽ നിന്നുള്ള മലിനജലം ഇവിടെ സംഗമിക്കുന്നു.
കസ്റ്റംസ് റോഡ്, മൊയ്തു മൗലവി മ്യൂസിയത്തിനു സമീപം, മൂന്നാലിങ്കൽ എന്നിവിടങ്ങളിലെ വെള്ളം ബീച്ച് ആശുപത്രിയിലെ ഓടയിലെത്തുന്നു. ഓടവഴി കടപ്പുറത്ത് തളംകെട്ടുന്ന അഴുക്കുവെള്ളത്തിൽ 30 ശതമാനം മാത്രമേ ബീച്ച് ആശുപത്രിയിൽനിന്ന് കടപ്പുറത്തേക്ക് എത്തുന്നുള്ളൂവെങ്കിലും മൊത്തം പഴി കേൾക്കാറ് ആശുപത്രിക്കാണ്.
ബീച്ച് ആശുപത്രിക്കുള്ള വെള്ളമൊഴുക്ക് തടയാൻ മൂന്നാലിങ്കൽ റോഡിൽ വലിയ ഓട നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും ഈ വെള്ളവും കടപ്പുറത്തുതന്നെയാണ് എത്തുക. ഗവ. ബീച്ച് ആശുപത്രിക്കുവേണ്ടി തയാറാക്കിയ മാസ്റ്റർ പ്ലാനിൽ പുതിയ ഡ്രെയിനേജ് വിഭാവനം ചെയ്യുന്നുമുണ്ട്. എന്നാൽ, പദ്ധതി എന്ന് നടപ്പാവുമെന്ന് തിട്ടമില്ലാത്ത അവസ്ഥയാണ്.
ബീച്ച് ആശുപത്രിക്കു മുന്നിലും വെള്ളയിൽ ആവിക്കൽ തോട് വഴിയുമാണ് നഗരത്തിലെ ഓടകളിലെ മലിനജലം മുഖ്യമായി കടലിലെത്തുന്നത്. മലിനജലം ശുദ്ധീകരിച്ച് തുറന്നുവിടുന്ന സംസ്കരണ പ്ലാന്‍റുകളാണ് ഏക പോംവഴിയായി പറയുന്നത്.
ഇതിനായി കോർപറേഷൻ കേന്ദ്ര സർക്കാർ സഹായത്തോടെ തുടക്കമിട്ട കോടികൾ ചെലവിട്ടുള്ള കോതിയിലെയും ആവിക്കൽ തോടിലെയും മലിനജല സംസ്കരണ പ്ലാന്‍റുകളുടെ പണി പ്രതിഷേധം കാരണം തുടങ്ങാൻ പോലുമാവാത്ത സ്ഥിതിയിലാണ്. ജനങ്ങളുടെ സഹകരണത്തോടെ മലിനജല സംസ്കരണ പ്ലാന്‍റുകൾ പണിത് പ്രവർത്തനം തുടങ്ങുംവരെ ബീച്ചിലെ മലിനജലപ്രശ്നം തുടരുമെന്ന അവസ്ഥയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.