കോഴിക്കോട്: നിയമം കാറ്റിൽ പറത്തി, അപകട ഭീഷണിയുയർത്തി നഗരത്തിൽ പരസ്യ ബോർഡുകൾ നിറയുന്നു. കാൽനടക്കാർക്കും വാഹനങ്ങൾക്കും കാഴ്ച മറയ്ക്കുന്ന തരത്തിലാണ് തിരക്കേറിയ ജങ്ഷനുകളിലും ദേശീയ പാതകളിലും സർക്കാർ പരിപാടികളുടേതടക്കം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത്. നഗരത്തിൽ പരസ്യ നിരോധിത മേഖലയായി മാനാഞ്ചിറക്ക് ചുറ്റും വീണ്ടും പരസ്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. നേരത്തെ ഒഴിവാക്കിയ ഭാഗങ്ങളിലാണ് പരസ്യം നിറഞ്ഞിരിക്കുന്നത്.
മാവൂർ റോഡിന്റെ പല ഭാഗങ്ങളിലും ഡ്രൈവർമാർക്ക് കാഴ്ച മറയ്ക്കുന്ന തരത്തിൽ പരസ്യം നിർമിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമീഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും ഇവ നീക്കം ചെയ്യുന്നില്ല. ജനങ്ങൾക്ക് ഉപദ്രവകരമായി സ്ഥാപിക്കുന്ന പരസ്യബോർഡുകൾ നീക്കൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.
പരസ്യം കരാർ ഏറ്റെടുക്കുന്ന കമ്പനികൾ തോന്നിയ പോലെ ബോർഡുകൾ സ്ഥാപിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പരിപാടികൾ കഴിഞ്ഞതിന് ശേഷവും ഔദ്യോഗിക പരിപാടികളുടെ അടക്കം പരസ്യങ്ങൾ റോഡിൽനിന്ന് മാറ്റാതെ കിടക്കുന്നുണ്ട്. പരസ്യങ്ങൾ നീക്കം ചെയ്യേണ്ട കോർപറേഷൻ അധികൃതരാവട്ടെ ഇതൊന്നും കണ്ട മട്ടില്ല.
നഗരത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കണമെന്ന് കോർപറേഷൻ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
എന്നാൽ കോർപറേഷന്റെ പരിപാടികൾക്ക് അടക്കം ഫ്ലക്സ് പരസ്യങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മാധ്യമങ്ങൾ വാർത്തയാക്കുമ്പോൾ പിറ്റേ ദിവസം വന്ന് ഏതാനും ബോർഡുകൾ എടുത്തുമാറ്റി ചടങ്ങ് കഴിച്ച് കൈ കഴുകുകയാണ് കോർപറേഷൻ അധികൃതർ. സമ്മേളനങ്ങളും മറ്റ് പരിപാടികളും നടക്കുന്ന കാലമായതിനാൽ നഗരത്തിന്റെ മുക്കിലും മൂലയിലും ദിനംപ്രതി പരസ്യങ്ങൾ വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.