കോഴിക്കോട്: ഉപജീവനംപോലും മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന 65കാരനായ ഓട്ടോ ഡ്രൈവർക്ക് എ.ഐ കാമറ പിഴയിട്ടത് 52 തവണ. സ്കൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന പുറമേരി ഒറ്റത്തെങ്ങുള്ളതിൽ ബാബുവിനാണ് രണ്ടുമാസംകൊണ്ട് ഇത്രയും പിഴവീണത്.
എടച്ചേരി, ഓർക്കാട്ടേരി കാമറയിലാണ് ബാബുവിന്റെ ഓട്ടോ ടാക്സി കുടുങ്ങിയത്. മോട്ടോർ വാഹന വകുപ്പിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ തന്റെ ഓട്ടോക്ക് 26 നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ചേവായൂർ മോട്ടോർ വാഹനവകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ എത്തി വിവരം അന്വേഷിച്ചു. അന്വേഷണത്തിൽ മറ്റൊരു 26 എണ്ണത്തിന്റെ കൂടി നോട്ടീസ് ലഭിക്കാനുണ്ടെന്ന് ബാബു അറിഞ്ഞു.
സീറ്റ്ബെൽറ്റ് ഇടാത്ത കുറ്റത്തിന് ഒരു നോട്ടീസിൽ പിഴയീടാക്കുന്നത് 500 രൂപയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം ഏഴെണ്ണത്തിന്റെ പിഴ അടക്കാനേ ബാബുവിനായുള്ളൂ. ഓട്ടോ ടാക്സിക്ക് സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നറിഞ്ഞതുമുതൽ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂൺ, ജൂലൈ മാസത്തിലാണ് പിഴ വീണത്.
പിഴ ഒഴിവാക്കാരാൻ ബാബു കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് അപേക്ഷ നൽകി. പിഴ ഒഴിവാക്കുന്നതിലുള്ള തങ്ങളുടെ നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥർ ബാബുവിനെ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ നിരവധി പേർക്ക് ഇങ്ങനെ പിഴ വീണിട്ടുണ്ടെന്ന് ഓഫിസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.