കുന്ദമംഗലം: എൻ.ഐ.ടി മെഗാ ഹോസ്റ്റൽ പരിസരത്തുനിന്ന് മലിനജലം തട്ടൂർപൊയിൽ തോട്ടിലൂടെ പുറത്തേക്കൊഴുകിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് കുന്ദമംഗലം പൊലീസെത്തി എൻ.ഐ.ടി അധികൃതരുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം അസഹ്യമായ ദുർഗന്ധവും കറുപ്പുനിറവുമുള്ള വെള്ളം തോട്ടിലൂടെ ഒഴുക്കിവിട്ടതോടെ പരിസരത്തെ വീട്ടുകാരടക്കം നാട്ടുകാർ സംഘടിച്ച് മെഗാ ഹോസ്റ്റൽ പരിസരത്തെത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. നാട്ടുകാരും പൊലീസും ചേർന്ന് കാമ്പസിൽ നടത്തിയ പരിശോധനയിൽ മലിനജലം തുറന്നുവിട്ടതായി സംശയം ബലപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിലാണ് പരിഹാരം ഉണ്ടാക്കും എന്ന് അധികൃതരുടെ ഉറപ്പ് ലഭിച്ചത്. പിന്നീട് ആക്ഷൻ കമ്മിറ്റിയുടെയും റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ശാശ്വതപരിഹാരം ഉണ്ടാകുന്നത് വരെ ഹോസ്റ്റൽ അടച്ചിടണമെന്ന് പങ്കെടുത്തവർ ആവശ്യപ്പെട്ടു.
അവധി ദിനങ്ങളിൽ പതിവായി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. മഴ മാറിനിന്നതോടെ തോട്ടിൽ ചെറിയ തോതിലാണ് വെള്ളം ഒഴുകുന്നതെന്നും എൻ.ഐ.ടിയിൽനിന്നും മാലിന്യം കലർന്ന വെള്ളം ഒഴുക്കിവിടുന്ന സമയം മാത്രമാണ് തോട്ടിലൂടെ വൻതോതിൽ വെള്ളം ഒഴുകുന്നത് എന്നുമാണ് നാട്ടുകാർ പറയുന്നത്. പി. ജയപ്രകാശ്, പി.ടി.എ. റഹ്മാൻ, ഐ.എം. സിബി, കെ. പ്രവീൺ കുമാർ, എ.കെ.ടി. ചന്ദ്രൻ, കെ. അബ്ദുറഹ്മാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ സ്മിത എ. റഹ്മാന്റെ നേതൃത്വത്തിൽ എൻ.ഐ.ടി മെഗാ ഹോസ്റ്റലിൽ പരിശോധന നടത്തി. തോട്ടിലേക്ക് എൻ.ഐ.ടി കോമ്പൗണ്ടിൽനിന്നാണ് മലിനജലം ഒഴുകിവരുന്നത് എന്ന് പരിശോധനയിൽ മനസ്സിലായതായി മെഡിക്കൽ ഓഫിസർ പറഞ്ഞു. ഒഴുക്കിന്റെ ശബ്ദം കേട്ട ആരോഗ്യ വിഭാഗം അധികൃതർ സ്ലാബ് ഉയർത്താൻ പറയുകയും മലിനജലം ഒഴുകുന്നത് ഉറപ്പാക്കുകയുമായിരുന്നു. മലിനജലം മഴവെള്ളം ഒഴുക്കിവിടാനുള്ള ഓടവഴി ഒഴുക്കുകയും അതു പിന്നീട് കോമ്പൗണ്ടിലെ കുളത്തിലേക്കും അതുവഴി പൊതു തോട്ടിലേക്കും ഒഴുക്കിവിടുന്നതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇങ്ങനെ ഒഴുക്കിവിടുന്ന മാലിന്യം 48 മണിക്കൂറിനുള്ളിൽ നിർത്താനും മറ്റ് അനുബന്ധ പ്രശ്നങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കാനും നോട്ടീസ് മുഖേന നിർദേശം നൽകി.
പരിശോധനക്ക് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സ്മിത എ. റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. അബ്ദുൽ ഹക്കീം, എം. സുധീർ, വാർഡ് മെംബർ പി. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.